qq

യാംങ്കോൺ: സൈനിക അട്ടിമറിക്കെതിരെ മ്യാൻമർ ജനത നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ ശക്തമാകുന്നു. വ്യാപാര വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയിരിക്കുകയാണ് ജനം. പണിമുടക്ക് സൃഷ്ടിച്ചുകൊണ്ട് സമരത്തിന് ഇറങ്ങിയാൽ ജീവൻ വരെ നഷ്ടമാകുമെന്ന് മ്യാൻമർപട്ടാളം മുന്നറിയിപ്പ് നൽകിയിട്ടും ലക്ഷക്കണക്കിന് ആളുകളാണ് മ്യാൻമറിലെ തെരുവുകളിൽ ഒത്തുകൂടിയത്. ഭരണം സൈന്യം ഏറ്റെടുത്തതിന്ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധ റാലിക്കാണ് മ്യാൻമറിലെ തെരുവുകൾ സാക്ഷ്യംവഹിച്ചത്.

മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിൽ പതിനായിരക്കണക്കിന് സമരാനുകൂലികളാണ് കടുത്തവെയിലിനെപ്പോലും അവഗണിച്ചുകൊണ്ട് തെരുവിൽ ഇറങ്ങിയത്. 'തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കുംവരെ ഞങ്ങൾ ഓഫീസിലേക്കില്ല" എന്ന മുദ്രാവാക്യവുമായാണ് അവർ പ്രതിഷേധിച്ചത്. തലസ്ഥാന നഗരിയായ നയ്പിഡാവ്, പൈൻമാന, ഡാവെ, ഭാമോ തുടങ്ങിയ പ്രധാന നഗരങ്ങളെല്ലാം പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞു. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനയായ സിവിൽ ഡിസോബിഡിയൻസ് മൂവ്മെന്റിനെ (സിഡിഎം) പിന്തുണയ്ക്കുന്നവർ സ്പ്രിംഗ് വിപ്ലവം നയിക്കണമെന്ന് ആഹ്വാനം ചെ്യ്തതിന്റെ അടിസ്ഥാനത്തിലാണ് ജനം തടിച്ചുകൂടിയത്. ഞങ്ങൾക്ക് ഭരണം വേണ്ട, പകരം ജനാധിപത്യം മതിയെന്ന് പ്രതിഷേധക്കാരിൽ ചിലർ പറഞ്ഞു.

തടവുകാരെ മോചിപ്പിച്ച് അക്രമം അവസാനിപ്പിക്കണം, മനുഷ്യാവകാശങ്ങളെ ബഹുമാനിച്ച്കൊണ്ട് തിരഞ്ഞെടുപ്പിലെ ജനഹിതം മാനിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ജനാധിപത്യത്തെ ദുർബലപ്പെടുത്തൽ, അനിയന്ത്രിതമായ അറസ്റ്റ്, ക്രൂരമായ ബലപ്രയോഗം, അടിച്ചമർത്തൽ എന്നിവ ലോകരാഷ്ട്രങ്ങൾ വീക്ഷിക്കുകയാണ്. ഇത് ആധുനികലോകത്തിന് ചേരുന്നതല്ല. ഇത്തരത്തിലുള്ള സൈനിക അട്ടിമറികൾക്ക് ലോകചരിത്രത്തിൽ മാപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.