 
ആലപ്പുഴ: കോൺഗ്രസിന് കേരളത്തിൽ ഒരു ഈഴവ എം.എൽ.എ പോലുമില്ലാത്തത് ദൗർഭാഗ്യകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം പന്തളം യൂണിയനിലെ പടനിലം പാലമേൽ ഗുരു ക്ഷേത്ര സമർപ്പണവും സമ്മേളനവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം വീമ്പിളക്കുന്ന കോൺഗ്രസിൽ മതാധിപത്യമാണ് . അഞ്ചാം മന്ത്രിയെ പാണക്കാട്ട് പ്രഖ്യാപിച്ച ശേഷമാണ്, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിവരം അറിയുന്നത്. മലപ്പുറത്തും കോട്ടയത്തും ഇടുക്കിയിലും മാത്രമല്ല വികസനം വേണ്ടത്. ഖജനാവിന്റെ 67 ശതമാനവും മുസ്ലിം ലീഗാണ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ പോലും ഒരു ഈഴവനെ നിയമിച്ചില്ല. വോട്ട് ചെയ്യാൻ വിധിക്കപ്പെട്ടവരായി മാത്രം ഈഴവർ മാറി. മഹാഭൂരിപക്ഷം വരുന്ന ഈഴവർക്ക് ജനസംഖ്യാനുപാതികമായി രാഷ്ട്രീയ അധികാരവും നീതിയും ലഭിച്ചില്ല. മറ്റുള്ളവർ സംഘടിതമായി അധികാരം ഹൈജാക്ക് ചെയ്തപ്പോൾ ,നമ്മൾ വെറും കാഴ്ചക്കാരായി മാറി. സമുദായ നീതിയും രാഷ്ട്രീയ നീതിയും ഈഴവർക്ക് തീണ്ടാപ്പാടകലെയായി. സംഘടിത മത ശക്തികളുടെ പിൻബലമുള്ള കേരള കോൺഗ്രസും മുസ്ലിം ലീഗും സാമൂഹ്യ നീതി പാലിക്കുന്നില്ല. കേരള കോൺഗ്രസ് എണ്ണത്തിൽ കൂടുകയും സീറ്റുകൾ വിലപേശി പങ്കിടുകയും ചെയ്യുന്നു. എൽ.ഡി.എഫിനും യു.ഡി.എഫിനും വേണ്ടാതിരുന്ന പി.സി.ജോർജിനെ യു.ഡി.എഫിലെടുക്കാൻ മൂന്ന് ബിഷപ്പുമാർ ശുപാർശ ചെയ്ത ദുരവസ്ഥയാണുള്ളത്. ആർ.ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് രാഷ്ട്രീയ നീതിയും വിദ്യാഭ്യാസ നീതിയും ലഭിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.