sensex

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കൊവിഡ് ഭീതി വീണ്ടും കനത്തതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌‌ടത്തിലേക്ക് കൂപ്പുകുത്തി. കൊവിഡ് നിയന്ത്രണവിധേയമായില്ലെങ്കിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന മഹാരാഷ്‌ട്ര സർക്കാരിന്റെ പ്രഖ്യാപനവും ഓഹരികളെ വലച്ചു. 1,145 പോയിന്റ് നഷ്‌ടവുമായി 49,744ലാണ് സെൻസെക്‌സ് ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.

തുടർച്ചയായ അഞ്ചുദിവസങ്ങളിൽ നഷ്‌ടം കുറിച്ച സെൻസെക്‌സ്, മൂന്നാഴ്‌ചയ്ക്ക് ശേഷം ആദ്യമായാണ് 50,000ന് താഴെ വ്യാപാരം അവസാനിപ്പിക്കുന്നത്. 306 പോയിന്റിടിഞ്ഞ് 14,676ലാണ് നിഫ്‌റ്റിയുള്ളത്. ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്, റിലയൻസ് ഇൻഡസ്‌ട്രീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടി.സി.എശ്., ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി., എൽ ആൻഡ് ടി., കോൾ ഇന്ത്യ, മാരുതി സുസുക്കി എന്നിവയാണ് നഷ്‌ടം കുറിച്ച പ്രമുഖ ഓഹരികൾ.

ഇടിവിന് പിന്നിൽ

 അമേരിക്കൻ, ഇന്ത്യൻ ബോണ്ട് യീൽഡുകളുടെ (കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ/നേട്ടം) ഉയർന്നതാണ് ഓഹരികളെ വലച്ചത്. അമേരിക്കൻ 10-വർഷ ബോണ്ടുകളുടെ യീൽഡ് ഒരുവർഷത്തെ ഉയരമായ 1.58 ശതമാനത്തിലെത്തി. ഇന്ത്യൻ ബോണ്ട് യീൽഡ് 6.708 ശതമാനമാണ്. ഒക്‌ടോബറിന് ശേഷമുള്ള ഏറ്റവും മികച്ചതാണിത്. നിക്ഷേപകർ ഓഹരികളെ കൈവിട്ട് കടപ്പത്രങ്ങളിലേക്ക് ചേക്കേറുകയാണ്.

 മഹാരാഷ്‌ട്രയിലും കേരളത്തിലും ഉൾപ്പെടെ കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നതും ഇനിയും ലോക്ക്ഡൗൺ ഉണ്ടായേക്കുമെന്ന ഭീതിയും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നു.

 ജപ്പാനിലെ നിക്കേയ് ഉൾപ്പെടെ മറ്റ് ഏഷ്യൻ ഓഹരി വിപണികളുടെ തളർ‌ച്ചയും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.

₹3.71 ലക്ഷം കോടി

സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ ഒറ്റദിവസം കൊഴിഞ്ഞത് 3.71 ലക്ഷം കോടി രൂപ. 200 ലക്ഷം കോടി രൂപയായാണ് മൂല്യം താഴ്‌ന്നത്.

₹23,871 കോടി

റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ കീശയിൽ നിന്ന് ഇന്നലെ ചോർന്നത് 23,871 കോടി രൂപ. റിലയൻസ് ഓഹരിവില 3.52 ശതമാനം താഴ്‌ന്ന് 2,007 രൂപയിൽ എത്തിയതാണ് തിരിച്ചടിയായത്.