
ന്യൂഡൽഹി:പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്നിന് ലോകാരോഗ്യ സംഘടന അനുമതി നൽകിയെന്ന അവകാശ വാദത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ സാന്നിധ്യത്തിലാണ് പതജ്ഞലി തലവൻ ബാബാ രാംദേവ് 'കൊറോണ'ലിന് അനുമതി ലഭിച്ചെന്ന് അവകാശപ്പെട്ടത്. എന്നാൽ, പതഞ്ജലിയുടെ അവകാശവാദം ലോകാരോഗ്യ സംഘടന തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 19 നടന്ന കൊറോണലിന്റെ ലോഞ്ചിംഗ് പരിപാടിയിൽ രാംദേവിനൊപ്പം കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധൻ, നിതിൻ ഗഢ്കരി എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററിൽ മരുന്നിന് സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്, ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ച്വറിംഗ് പ്രാക്ടീസ് സർട്ടിഫിക്കറ്റ് എന്നിവ ഉളളതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിലിലൂടെ പത്തൊൻപതാം തീയതി പുറത്തുവന്ന ട്വീറ്റിൽ കൊവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
.@WHO has not reviewed or certified the effectiveness of any traditional medicine for the treatment #COVID19.
— WHO South-East Asia (@WHOSEARO) February 19, 2021
അതേസമയം, അശാസ്ത്രീയവും വ്യാജവുമായ ഒരുൽപ്പന്നത്തെ എങ്ങനെയാണ് ആരോഗ്യമന്ത്രി ന്യായീകരിക്കുന്നത്. എന്ത് തരത്തിലുള്ള പരീക്ഷണ, നിരീക്ഷണ അടിസ്ഥാനത്തിലാണ് മന്ത്രി പതഞ്ജലി മരുന്നിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. മന്ത്രിയിൽ നിന്ന് രാജ്യത്തിന് വിശദീകരണം വേണമെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം ആവശ്യപ്പെടാൻ ദേശീയ മെഡിക്കൽ കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നും ഐ.എം.എ വ്യക്തമാക്കി.