
ചെന്നൈ: ടൈഫോയ്ഡ് ബാധിച്ചതിന് അച്ഛന്‍ മന്ത്രവാദിയുടെ അടുത്ത് ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ യുവതിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണിയ്ക്കാണ് (19) അന്ധവിശ്വാസം മൂലം ജീവൻ നഷ്ടമായത്.
ഏതാനും ദിവസങ്ങളായി കടുത്ത ടൈഫോയ്ഡ് ബാധിച്ച് കിടപ്പിലായിരുന്നു ഇവർ.
എന്നാൽ, രോഗത്തിന് കാരണം ബാധയാണെന്ന് ഉറച്ചുവിശ്വസിച്ച അച്ഛൻ വീരസെൽവം ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം മകളെ മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയി. ഒൻപത് വർഷം മുൻപ് മരിച്ച ഭാര്യയുടെ പ്രേതം മകളിൽ ആവേശിച്ചെന്നായിരുന്നു ശെൽവത്തിന്റെ വിശ്വാസം.
താരണി ഇടയ്ക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് തന്റെ ഭാര്യയുടെ പ്രേതം മകളിൽ കയറിയതാണെന്ന് സെൽവം വിശ്വസിച്ചത്. ഇതു മൂലം മകൾക്ക് യാതൊരുവിധ ചികിത്സയും നൽകിയിരുന്നില്ല. ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ മന്ത്രവാദിയിൽ നിന്ന് ചൂരലടിയും പുകയ്ക്കലും അടക്കം അതിക്രൂരമായ മർദ്ദനമാണ് താരണിക്ക് നേരിടേണ്ടിവന്നത്. ഇതിനെ തുടർന്ന് അവശായി തളർന്നു വീണ താരണിയെ അടുത്തുള്ള പ്രാഥമിക ആരോേഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ സെൽവത്തേയും മന്ത്രവാദിയേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.