
മുംബയ്: എം.പിമാരെയും എം.എൽ.എമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും അശ്ലീല വീഡിയോ കോളിൽ കുടുക്കി പണം തട്ടാൻ ലക്ഷ്യമിട്ട മൂന്നംഗസംഘം പിടിയിൽ. രാജസ്ഥാൻ, ഹരിയാന, യു.പി സ്വദേശികളെയാണ് മുംബയ് പൊലീസ് പിടികൂടിയത്. ഉന്നത ഉദ്യോഗസ്ഥരെയും മാദ്ധ്യമപ്രവർത്തകരെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വലയിലാക്കി പണം തട്ടാൻ ഇവർ ലക്ഷ്യമിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പലരും ഇവരുടെ കെണിയിൽപ്പെട്ടതായും പൊലീസ് സംശയിക്കുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ചായിരുന്നു ഇവർ കെണിയൊരുക്കിയിരുന്നത്. 171 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളും നാല് ടെലഗ്രാം ചാനലുകളും ഇവർക്കുണ്ടായിരുന്നു. 54 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികളുടെ 58 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പണം തട്ടാൻ ലക്ഷ്യമിടുന്ന ആളുമായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇവർ പരിചയം സ്ഥാപിക്കും ഇവരുമായി നിരന്തരം ചാറ്റ് ചെയ്ത ശേഷം സംസാരം വീഡിയോ കോളിലേക്ക് വഴി മാറും. പിന്നാലെ വാട്‌സാപ്പ് നമ്പർ കരസ്ഥമാക്കി അശ്ലീലവീഡിയോ കോൾ ആരംഭിക്കും. ഇതെല്ലാം മറ്റൊരു ആപ്ലിക്കേഷൻ ഉപയോഗിച്ച് റെക്കോഡ് ചെയ്യും. ഈ വീഡിയോ ദൃശ്യങ്ങൾ കാണിച്ചാണ് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നത്. ആദ്യം ചെറിയ തുക ആവശ്യപ്പെടുന്ന സംഘം ഇത് ലഭിക്കുന്നതോടെ വലിയ തുകയാണ് ചോദിച്ചിരുന്നത്. ഇത്തരത്തിൽ പണം നഷ്ടമായ ഒരാൾ പരാതി നൽകിയതോടെയാണ് മുംബയ് പൊലീസ് പ്രതികളെ പിടികൂടിയത്.