moon

ഷാർജ: ടൂറിസം മേഖലിയിൽ സഞ്ചാരികളെ വരവേൽക്കാൻ 'മൂൺ റിട്രീറ്റുമായി"(ചാന്ദ്രഗോപുരങ്ങൾ) ഷാർജ. നഗരത്തിലെ സുസ്ഥിര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം പദ്ധതി ചാന്ദ്രഗോപുരങ്ങൾ സ്ഥാപിക്കുന്നത്. 2019ലാണ് ഷാർജയിൽ എമിറേറ്റ് ഇക്കോ ടൂറിസം മേഖല വികസിപ്പിക്കാൻ തുടങ്ങിയത്. ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിട്ടി(ഷുറൂക്ക്) ആണ് മൂൺ റിട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്.

വെങ്കലയുഗ ശവകുടീരങ്ങളുടെയും ഇസ്ലാമിന് മുൻപുള്ള തുറമുഖങ്ങളുടെയും ആവാസ കേന്ദ്രമായ എമിറേറ്റിലെ മ്ലീഹ മേഖലയിലാണ് മൂൺ റിട്രീറ്റ് സ്ഥിതിചെയ്യുന്നത്. ധാരാളം പുരാവസ്തുക്കളും ഫോസിലുകളും ഉള്ള രാജ്യത്തെ മികച്ച പുരാവസ്തു സെറ്റുകളിൽ ഒന്നാണ് ഇവിടം. ഇത്തരം പരിസ്ഥിതി സൗഹൃദ ടൂറിസം വികസിപ്പിക്കുന്നത് ഈ മേഖലയിലെ ഉത്തരവാദിത്ത ടൂറിസത്തിന്റെ കേന്ദ്രമായി ഷാർ‌ജയെ മാറ്റുമെന്നാണ് കണക്കുകൂട്ടൽ. ടൂറിസം പദ്ധതികൾ സമ്പദ്‌വ്യവസ്ഥയിൽ ഗുണംചെയ്യും. ഒപ്പം, പ്രദേശത്തെ ജനങ്ങൾക്കിടയിൽ പരമ്പരാഗത സംസ്കാരങ്ങളെ ഉയർത്തിക്കാട്ടാനും ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.

മൂൺ റിട്രീറ്റ്

10 സിംഗിൾ ബെഡ് താഴികക്കുടങ്ങൾ, 4 കുടുംബ കൂടാരങ്ങൾ, 2 സിംഗിൾ ബെഡ് കൂടാരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് മൂൺ റിട്രീറ്റ്. അതിഥികൾക്ക് ദൈനംദിന അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ഭക്ഷണം മുന്നെകൂട്ടി ഓർഡർ ചെയ്യാം. അത് അവരുടെ കൂടാരത്തിൽതന്നെ പാകം ചെയ്ത് നൽകാനുള്ള സംവിധാനവും ഒരുക്കിയട്ടുണ്ട്. ഒപ്പം മ്ലീഹയുടെ ആശ്വാസകരമായ ലാൻഡ്സ്കേപ്പ് ആസ്വദിക്കുകയും ചെയ്യാം.