
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമെന്ന പൊലീസിന്റെ കുറ്റപത്രം തളളി ഫോറൻസിക് റിപ്പോട്ടെന്ന മാദ്ധ്യമ വാർത്തയിൽ പ്രതിഷേധവുമായി കൊല്ലപ്പെട്ട ഹക് മുഹമ്മദിന്റെ ഭാര്യ. ഹകിന്റെ ഭാര്യ കേരളത്തിലെ ഒരുപത്രത്തിന്റെ പത്രാധിപർക്കെഴുതിയ കത്തെന്ന പേരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിമാണ് ഫേസ്ബുക്കിൽ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്രത്തിൽ വന്നിരിക്കുന്ന വാർത്ത കൊല്ലപ്പെട്ടവരെ അപമാനിക്കുന്നതരത്തിലാണെന്നും മരിച്ചവരെ നിങ്ങൾ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണെന്നും കത്തിൽ ചോദിക്കുന്നു.
കൊലപാതകത്തിന്റെ പിന്നിൽ പ്രവർത്തിച്ച ലക്ഷ്യം കണ്ടത്തൊൻ നിലനിൽക്കുന്ന സംവിധാനമല്ല ഫോറൻസിക് ലാബ്. അത് താങ്കൾക്ക് മാത്രമല്ല ഈ നാട്ടിലെ സാധാരണ മനുഷ്യർക്ക് പോലും ബോധ്യമുള്ള സംഗതിയാണ്. ഫോറൻസിക് വിഭാഗം എന്ന് മുതൽക്കാണ് കൊലപാതകത്തിന്റെ കാരണം അന്വേഷിക്കാൻ തുടങ്ങിയത്. ശാസ്ത്രീയമായി ആയുധ പരിശോധനയും കുറ്റകൃത്യത്തിന്റെ ശേഷിപ്പുകളും പരിശോധിക്കാൻ നിയുക്തമായ ഒരു ഏജൻസിയാണോ കൊലപാതകത്തിന്റെ കാരണം കണ്ട് പിടിക്കുന്നത്. ഇതിന്റെ യുക്തിയെന്താണ്. പിന്നെന്തിനാണ് ഈ നാട്ടിൽ പൊലീസും മറ്റ് സ്വതന്ത്ര അന്വേഷണ ഏജൻസികളും കോടതികളും ഉളളതെന്നും കത്തിൽ ചോദിക്കുന്നു.