bjp

അഹമ്മദാബാദ്: ഗുജറാത്തിൽ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ ദിനേഷ്‌ചന്ദ് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് വിജയിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സീറ്റും കോൺഗ്രസിന് നഷ്ടമായി. അഹമ്മദ് പട്ടേല്‍ 1993 മുതല്‍ മരണം വരെ രാജ്യസഭയിലേക്ക് വിജയിച്ചിരുന്ന സീറ്റാണ് എതിരാളികളില്ലാതെ ബി.ജെ.പി സ്വന്തമാക്കിയത്. ഗുജറാത്ത് കോണ്‍ഗ്രസ് നേത‍ൃത്വം ഒഴിവുവന്ന സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥിയെ നിറുത്തിയിരുന്നില്ല.

അഹമ്മദ് പട്ടേലിന്‍റെയും, ബി.ജെ.പി അംഗത്തിന്‍റെയും മരണത്തോടെയാണ് രണ്ട് രാജ്യസഭ സീറ്റ് ഗുജറാത്തില്‍ ഒഴിവ് വന്നത്. ഇതില്‍ കഴിഞ്ഞ നവംബര്‍ 25നാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ബി.ജെ.പി നേതാവ് അഭയ് ഭരദ്വാജ് മരിച്ച ഒഴിവിലാണ് രണ്ടാമത്തെ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് ബാധിച്ച ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് മരിച്ചത്.