
വാഷിംഗ്ടൺ: ഇലോൺ മാസ്കിന്റെ ഉടമസ്ഥതിയിലുള്ള സ്പേസ് എക്സിന്റെ റോക്കറ്റുകൾ പൊട്ടിത്തെറിക്കുന്നതിൽ ആശങ്കയില്ലെന്ന് ഫെഡറൽ ഏവിയേഷൻ അതോറിട്ടി(എഫ്.എ.എ) അറിയിച്ചു. ഇതോടെ എൻ.എൻ 10 റേക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം ഉടൻതന്നെ നടത്താൻ സ്പേസ് എക്സിനുകഴിയുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ എസ്.എൻ8, എസ്.എൻ9 എന്നീ സ്റ്റാർഷിപ്പ് റോക്കറ്റുകൾ പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു. റോക്കറ്റ് സുരക്ഷിതമായി താഴെയിറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടാത്. ഇതേക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അതോറിട്ടി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഫെഡറൽ ഏവിയേഷൻ അതോറിട്ടിയുടെ സുരക്ഷാ വിശകലന പരിധിയ്ക്കുള്ളിൽ നിന്നുള്ള ലാൻഡിംഗ് പരാജയമാണ് ഇതിനെല്ലാം കാരണമെന്നും പ്രദേശത്തെ ജനങ്ങൾക്കൊ സ്വത്തിനോ സ്ഫോടനംകൊണ്ട് അപകടം ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ എഫ്.എ.എ അന്വേഷണം അവസാനിപ്പിച്ചതായും വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എസ്.എൻ 10ന്റെ പരീക്ഷണ വിക്ഷേപണത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും എന്നാൽ വിക്ഷേപണം എന്നുണ്ടാകുമെന്നുള്ള കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ബൊക്ക ചിക്ക പ്രദേശത്തെ പ്രാദേശിക ഹൈവേയിലും കടൽ തീരത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പരീക്ഷണ വിക്ഷേപണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.