
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ നാളെ അഹമ്മദബാദിലെ പുതിയ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിക്കാനിറങ്ങിയാൽ ഇന്ത്യൻ പേസർ ഇശാന്ത് ശർമ്മയ്ക്ക് അത് തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരമാകും. ഇന്ത്യയ്ക്ക് വേണ്ടി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് ബൗളർ എന്ന നേട്ടമാണ് ഇശാന്തിനെ കാത്തിരിക്കുന്നത്. കപിൽ ദേവാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം.
അശ്വിനെ കാത്തിരിക്കുന്നത് ഏറ്റവും കുറഞ്ഞ ടെസ്റ്റുകളിൽ നിന്ന് 400 വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടമാണ്.76 ടെസ്റ്റുകളിൽ നിന്ന് 394 വിക്കറ്റാണ് ഇപ്പോൾ അശ്വിന്റെ സമ്പാദ്യം.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന റെക്കാഡ് സ്വന്തമാക്കിയ മൊട്ടേരയിലെ പുതിയ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒരു ലക്ഷത്തി പതിനായിരം പേർക്കിരിക്കിരുന്ന് കളി കാണാവുന്ന ഗാലറിയാണ് ഇവിടത്തേത്. ഉദ്ഘാടന മത്സരത്തിൽ സ്റ്റേഡിയത്തിന്റെ ശേഷിയുടെ പകുതി കാണികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഡേ-നൈറ്റായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് രണ്ട് മുതലാണ് ആരംഭിക്കുന്നത്. ഫിറ്റ്നസ് ടെസ്റ്റ് പാസായ ഉമേഷ് യാദവ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്.