kt-jaleel-

തിരുവനന്തപുരം കള്ളന് കഞ്ഞിവച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ യഥാർത്ഥ കള്ളൻ ഇപ്പോഴും കപ്പലിൽ തന്നെയുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ: കത്വ ഫണ്ട് വിവാദത്തിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ രാജിവച്ചതുമായി ബന്ധപ്പെട്ടാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യൂസുഫ് പടനിലത്തിന്റെ മാരകമായ പേസ് ബൗളിംഗിൽ യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി ക്ലീൻ ബൗൾഡായെന്ന് ജലീൽ പരിഹസിച്ചു.

കള്ളന് കഞ്ഞിവെച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാർത്ഥ കള്ളൻ ഇപ്പോഴും കപ്പലിൽ തന്നെയുണ്ട്. കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരിൽ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിന്റെയും കൊടുത്തതിന്റെയും വകമാറ്റിയതിന്റെയും മുക്കിയതിന്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം പറയുന്നു.

സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. കത്വ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ യൂത്ത് ലീഗ് വിമതനായ യൂസഫ് പടനിലമാണ് പി.കെ.ഫിറോസിനെതിരെ പൊലീസിൽ പരാതി നൽകിയത്. കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നാണ് ആരോപണം. ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങൾക്ക് കൃത്യമായി നൽകിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.

യൂസുഫ് പടനിലത്തിൻ്റെ മാരകമായ പേസ് ബൗളിങ്ങിൽ യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി ക്ലീൻ ബൗൾഡ്! തട്ടിയും മുട്ടിയും ക്രീസിലുള്ള...

Posted by Dr KT Jaleel on Monday, 22 February 2021

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

യൂസുഫ് പടനിലത്തിൻ്റെ മാരകമായ പേസ് ബൗളിങ്ങിൽ യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി ക്ലീൻ ബൗൾഡ്! തട്ടിയും മുട്ടിയും ക്രീസിലുള്ള സംസ്ഥാന നേതാവിൻ്റെ വിക്കറ്റിന് കാതോർത്ത് യൂത്ത്ലീഗിലെ സംശുദ്ധവാദികൾ!!

കള്ളന് കഞ്ഞിവെച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാർത്ഥ കള്ളൻ ഇപ്പോഴും കപ്പലിൽ തന്നെയുണ്ട്. കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരിൽ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്നം. പിരിച്ചതിൻെറയും കൊടുത്തതിൻ്റെയും വകമാറ്റിയതിൻ്റെയും മുക്കിയതിൻ്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജൻസികൾ. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകർന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക.