devon

ക്രൈസ്റ്ര് ചർച്ച് : തുടർച്ചയായ അഞ്ചാം മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയ ഡേവോൺ കോൺവേയുടെ തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ ന്യൂസിലൻഡ് ആസ്ട്രേലിയയെ 53 റൺസിന് തോൽപ്പിച്ചു. ന്യൂസിലൻഡ് 19/3 എന്ന നിലയിൽ തകർന്നിരിക്കുമ്പോൾ ക്രീസിലെത്തിയ കോൺവേ വെടിക്കെട്ട് ബാറ്റിംഗുമായി 59 പന്തിൽ 99 റൺസ് നേടി ന്യൂസിലൻഡിനെ അഞ്ചിന് 184 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 17.3 ഓവറിൽ 131 റൺസിന് ആൾഔട്ടാവുകയായിരുന്നു. ഇഷ് സോധി ന്യൂസിലൻഡിനായി നാല് വിക്കറ്റ് വീഴ്ത്തി.

പരമ്പരയിൽ കിവികൾ 1-0ത്തിന് മുന്നിലെത്തി. 10 സിക്സും 3 ഫോറും ഉൾപ്പെട്ടതാണ് കോൺവേയുടെ ഇന്നിംഗ്സ്. അന്താരാഷ്ട്ര ട്വന്റി-20യിൽ തുടർച്ചയായി അഞ്ച് അർദ്ധ സെഞ്ച്വറികൾ നേടുന്ന ആദ്യ കിവീസ് താരമാണ് ഡേവോൺ.