
ലണ്ടൻ: കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ജൂൺ മാസ അവസാനത്തോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രത്യാശ പ്രകടിപ്പിച്ചു. മാർച്ച് 8 മുതൽ സ്കൂളുകളും ഏപ്രിൽ 12 മുതൽ അത്യാവശ്യ വില്പന ശാലകൾ തുറക്കും. റെസ്റ്റോറന്റുകൾ, പബ്ബുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സറുകൾ, എന്നിവ ഏപ്രിൽ വരെ അടഞ്ഞുകിടക്കും. ഒപ്പം, ജൂൺ 21 മുതൽ എല്ലാ ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പിൻവലിക്കാൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ തിരിച്ചുവരവ് മന്ദഗതിയിലാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യം മുഴുവൻ വ്യാപിച്ച് കൊവിഡ് വൈറസിനെക്കാൾ കൂടുതൽ മാരകവും വ്യാപനശേഷിയുള്ളതുമായ കൊവിഡ് വൈറസ് കണ്ടെത്തിയ ബ്രിട്ടൺ കൂടതലും ലോക്ക്ഡൗണിലാണ് കഴിഞ്ഞത്. വ്യാപാരസ്ഥാപനങ്ങളും മറ്റ് കടകളും ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് സ്ഥലത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് രാജ്യം ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, രാജ്യം സാധാരണനിലയിലേക്ക് തിരിച്ചുവരാനുള്ള കാരണം ജനങ്ങൾക്ക് നൽകുന്ന പ്രതിരോധകുത്തിവയ്പ്പാണെന്ന് അധികൃതർ അവകാശപ്പെടുന്നു. ഇതുവരെ 17.5 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. എല്ലാമുതിർന്നവർക്കും ജൂലയ് 31നകം വാക്സിൻ നൽകുക, 50 വയസ്സിന് മുകളിലുള്ളവർക്ക് ഏപ്രിൽ 15 നകം ആദ്യത്തെ വാക്സിൻ നൽകാനുമാണ് ലക്ഷ്യം.