gold-

ആലപ്പുഴ: മാന്നാറിൽ സ്വർണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വൻ വഴിത്തിരിവ്.. നിരവധി തവണ ഗൾഫിൽ നിന്ന് സ്വർണം കടത്തിയെന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട യുവതി ബിന്ദു പൊലീസിന് മൊഴി നൽകി. എട്ടുമാസത്തിനിടെ മൂന്നുതവണ സ്വർണം കടത്തിയെന്നും മൊഴിയിൽ പറയുന്നു.. ഒടുവിൽ കടത്തിയത് ഒന്നരക്കിലോ സ്വർണമാണെന്നും ഇത് വഴിയിൽ ഉപേക്ഷിച്ചുവെന്നും യുവതി മൊഴി നൽകി. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറ‌ഞ്ഞു. തട്ടിക്കൊണ്ടിപോകലിന് പ്രാദേശിക സഹായം ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി എത്തിയ 15 പേരടങ്ങുന്ന സംഘം ആദ്യം കോളിംഗ് ബെല്ലടിച്ചു. വാതിൽ തുറക്കാത്തതിനാൽ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറുകയായിരുന്നു. തുടർന്ന് ബിന്ദുവിനെ പിടികൂടി ബലംപ്രയോഗിച്ച് കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയശേഷം തട്ടിക്കൊണ്ടുപാേവുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.

വാഹനം ഗേറ്റിനു പുറത്തു നിർത്തിയാണ് സംഘം നടന്നാണ് വീട്ടിലെത്തിയതെന്നും സംഭവത്തിന് പിന്നിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളാണെന്നും വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.