
മുസഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കേന്ദ്ര മന്ത്രി സൻജീവ് ബല്യാണിന്റെ സഹായികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാഹ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സോറം ഗ്രാമത്തിലാണ് സംഭവം നടന്നതായി പറയപ്പെടുന്നത്.
ഗ്രാമത്തിലെ ഒരു മുതിർന്ന അംഗത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു സൻജീവ് ബല്യാൺ. ആ സമയം ചില ഗ്രാമവാസികൾ അദ്ദേഹത്തിനെതിരെയും വിവാദ കാർഷിക നിയമങ്ങൾക്കെതിരെയും മുദ്രാവാക്യം മുഴക്കി. ഇതോടെ അദ്ദേഹത്തിന്റെ സഹായികളിലൊരാൾ സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്നും വടി പിടിച്ചു വാങ്ങുകയും ഗ്രാമവാസികളെ അക്രമിക്കുകയുമായിരുന്നു. ഇത് പ്രശ്നത്തിലേക്ക് നയിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇടപെടാൻ പൊലീസിനെ നിർബന്ധിതരാക്കുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് വിളിച്ചുകൂട്ടിയ ഗ്രാമവാസികൾ ബല്യാണിനും സഹായികൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെടണമെന്നാവശ്യപ്പെട്ട് ഷാഹ്പുർ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു.
അതേസമയം കർഷക സമരക്കാരും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടിയതായി ആർ.എൽ.ഡി നേതാവും മുൻ എം.പിയുമായ ജയന്ത് ചൗധരി ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു. സോറം ഗ്രാമത്തിൽ ബി.ജെ.പി നേതാക്കളും കർഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കർഷകർക്കനുകൂലമായി സംസാരിക്കാൻ കഴിയില്ലെങ്കിൽ അവരോടുളള പെരുമാറ്റമെങ്കിലും നന്നാക്കൂ. കർഷകരെ ബഹുമാനിക്കൂ. ഈ നിയമത്തിന്റെ ഗുണങ്ങൾ പറയുന്ന സർക്കാരിന്റെ പ്രതിനിധികളുടെ ഗുണ്ടായിസം ഗ്രാമവാസികൾ സഹിക്കുമോയെന്നും ജയന്ത് ചൗധരി ട്വിറ്ററിൽ കുറിച്ചു.
सोरम गाँव में बीजेपी नेताओं और किसानों के बीच संघर्ष, कई लोग घायल! किसान के पक्ष में बात नहीं होती तो कम से कम, व्यवहार तो अच्छा रखो। किसान की इज़्ज़त तो करो! इब कानूनों के फायदे बताने जा रहे सरकार के नुमाइंदों की गुंडागर्दी बर्दाश्त करेंगे गाँववाले?#मुजफ्फरनगर pic.twitter.com/X21oP7iTgP
— Jayant Chaudhary (@jayantrld) February 22, 2021