
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയിൽ വിചാരണക്കോടതി ഇന്ന് വിധി പറയും.ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കാണിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.
കേസിലെ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചെന്നാരോപിച്ചാണ് ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹർജി നൽകിയത്. കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല കാസർകോട് വിപിൻലാൽ താമസിക്കുന്ന സ്ഥലത്തെത്തി, മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രദീപ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ദിലീപിനു വേണ്ടിയാണെന്നും, വ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
2020 ജനുവരിയിൽ തന്നെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചെന്നാണ് സാക്ഷിയുടെ ആരോപണം. എന്നാൽ ഒക്ടോബറിൽ മാത്രമാണ് പരാതിപ്പെട്ടതെന്നും, ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തനിക്കെതിരെ തെളിവുകളില്ലെന്നും, അതിനാൽ ഹർജി തള്ളണമെന്നുമാണ് ദിലീപ് ആവശ്യപ്പെടുന്നത്.