
ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.മാന്നാർ സ്വദേശി പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. ഇക്കാര്യം ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെയായിരുന്നു മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്.സ്വർണം ആവശ്യപ്പെട്ടാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്.
അക്രമി സംഘം രാവിലെ പതിനൊന്ന് മണിയോടെ മുടപ്പല്ലൂരിൽ യുവതിയെ ഇറക്കിവിട്ടു. തുടർന്ന് ബിന്ദു ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ട ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്.വാഹനത്തിൽ നാലു പേരുണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് പറഞ്ഞു. ആരെയും മുമ്പ് കണ്ടിട്ടില്ല. സ്വർണത്തെക്കുറിച്ചാണ് അക്രമികൾ പ്രധാനമായും ചോദിച്ചത്. ഗൾഫിൽ ഹോം നഴ്‌സായി ജോലി ചെയ്യുന്ന ബിന്ദു നാലു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും യുവതി കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.