nasa

ലോസ് ഏഞ്ചൽസ്: ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെയാണ് ജീവന്റെ തുടിപ്പുകൾ അന്വേഷിച്ച് നാസയുടെ പെഴ്‌സീവിയറൻസ് ചുവന്ന മണ്ണിലിറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ഉപരിതലത്തിലെ ലാൻഡിംഗിൻറെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നാസ ഇപ്പോൾ.


പേടകത്തിന്റെ വിവിധ കോണുകളിൽ ഘടിപ്പിച്ച നിരവധി ക്യാമറകളാണ് വ്യാഴാഴ്ച ഈ ചിത്രങ്ങൾ പകർത്തിയത്.റോവറിലെ മൈക്രോഫോണുകൾ പകർത്തിയ ഹ്രസ്വ ഓഡിയോ ക്ലിപ്പും നാസ പുറത്തുവിട്ടു. അതിൽ നേരിയ കാറ്റിന്റെ ശബ്ദം കേൾക്കാം.ഈ വീഡിയോകളും ചിത്രങ്ങളും തങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ലാൻഡിംഗ് ടീമിന്റെ തലവൻ അൽ ചെൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

റോവർ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തി‍ൽ ഉടലെടുത്തെങ്കിലും താപ കവചം അതിനെ ചെറുത്തു. അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിർത്തി.വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു.തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.

2020 ജൂലായ് 30ന് ഫ്ലോറിഡയിസെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണിത്. അനുയോജ്യമായ സമയത്ത് ഇതിനെ പറത്തും. സോജണർ,ഓപ്പർച്യൂണിറ്റി,സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയ്ക്ക് ശേഷം ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സിവിയറസ്.