kollam

ആഴക്കടൽ,​ ഉൾനാടൻ മത്സ്യമേഖലയുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും ജീവിക്കുന്നത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് വിഷയവും അവരെ വൻതോതിൽ സ്വാധീനിക്കും. കേരളത്തിൽ രണ്ടുവ‍ർഷം മുമ്പുണ്ടായ പ്രളയക്കെടുതിയിൽ പെട്ടവരെ രക്ഷിക്കാൻ തങ്ങളുടെ മത്സ്യബന്ധന യാനങ്ങളുമായി പ്രതിഫലേച്ഛയില്ലാതെ രംഗത്തിറങ്ങി നിരവധി മനുഷ്യജീവനുകളെ രക്ഷിച്ചുവെന്ന ബഹുമതിനേടിയവരാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ. ആ മത്സ്യത്തൊഴിലാളികളെ ആശങ്കയുടെ നടുക്കടലിലേക്ക് വലിച്ചെറിയുന്നതാണ് കേരളതീരത്തെ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി ക്ക് സർക്കാർ അനുമതി നൽകിയെന്ന നിലയിൽ ഉയർന്ന ആരോപണം. തീരദേശമേഖലയിൽ അശാന്തിയുടെ വിത്തുപാകിയ ഈ പ്രശ്നം സർക്കാരിനെ വെട്ടിലാക്കിയതോടെ തീരുമാനങ്ങളിൽ ചിലത് റദ്ദാക്കാൻ തീരുമാനിച്ചെങ്കിലും മത്സ്യമേഖലയിലെ ആശങ്കയകറ്റാൻ ഇതിന് എത്രത്തോളം കഴിയുമെന്നതാണ് ചോദ്യം. പരമ്പരാഗത മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കൊല്ലം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന ആയിരക്കണക്കിന് യന്ത്രവത്കൃത, പരമ്പരാഗത യാനങ്ങളെ ബാധിക്കുന്ന വിവാദപദ്ധതി കാൽനൂറ്റാണ്ട് വിദേശകമ്പനിക്ക് കടൽ അരിച്ചുപെറുക്കാൻ അവസരം നൽകുന്നതാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ഫലത്തിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് തൊഴിൽ നഷ്ടത്തിന് പുറമേ സ്വതന്ത്രമായി കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന പതിവ് രീതിയിൽ നിന്ന് അവർക്ക് പിന്മാറേണ്ട സ്ഥിതിയും ഉണ്ടാകുമായിരുന്നു എന്നാണ് വിലയിരുത്തുന്നത്.

ഇ.എം.സി.സി യുമായി ചേർന്ന് നടപ്പാക്കാൻ ധാരണാപത്രം ഒപ്പുവച്ച പദ്ധതി 5324.49 കോടിയുടേതാണ്. മന്ത്രിസഭ ചർച്ച ചെയ്യാതെ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉത്തരവാദിത്വം ആർക്കെന്നതിലാണ് ദുരൂഹത. സംസ്ഥാനത്തെ ആരോഗ്യഡേറ്റ സമാഹരിക്കാൻ അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന് നൽകിയ വിവാദ കരാറിനെക്കാൾ വ്യാപ്തിയുള്ളതാണ് ആഴക്കടൽ മത്സ്യബന്ധനം തീറെഴുതാൻ നടന്ന ഗൂഢാലോചനയെന്നാണ് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ വ്യക്തമായ തെളിവുകൾ പുറത്തുവിട്ടതോടെ അതിനെ ആദ്യം നിസാരവത്‌കരിക്കാനും തങ്ങളൊന്നും അറിഞ്ഞിട്ടേയില്ലെന്ന് പറയാനുമാണ് കൊല്ലത്തിന്റെ മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവർ ശ്രമിച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിയടക്കം പ്രതിരോധത്തിലായി. ഇടതുനയത്തിനു വിരുദ്ധമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധാരണാപത്രം സർക്കാരിനെ വെട്ടിലാക്കിയതോടെ സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി) എം.ഡി എൻ.പ്രശാന്തിനെ കരുവാക്കി തലയൂരാനാണ് നീക്കം നടക്കുന്നത്.

മത്സ്യനയത്തിൽ

തിരുത്ത് 1999 ൽ

സംസ്ഥാന തീരത്ത് ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് അനുമതി നൽകുന്ന വിവാദവ്യവസ്ഥ മത്സ്യനയത്തിൽ എഴുതിച്ചേർത്തത് 1999 ലാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ അന്നത്തെ സർക്കാരിലും പ്രതിപക്ഷത്തുമുള്ളവർ ഇത് ശ്രദ്ധിക്കാതെ പോയതോ അതോ ശ്രദ്ധയിൽപ്പെട്ടിട്ടും മൗനം പാലിച്ചതോ എന്ന് വ്യക്തമല്ല. ഇതിനുശേഷമാണ് 2019 ൽ അസന്റ് എന്ന പേരിൽ സംസ്ഥാനത്ത് ആഗോള നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. ഈ സംഗമത്തിൽ വച്ചാണ് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിയുടെ എം.ഡി ഷിജുവർഗീസ് 5324 കോടിയുടെ പദ്ധതിയുമായി സർക്കാരിനെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ,​ വ്യവസായ,​ ഫിഷറീസ് വകുപ്പു മന്ത്രിമാർ എന്നിവർ കമ്പനി ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ധാരണാപത്രം ഒപ്പുവച്ചത്. കെ.എസ്.ഐ.ഡി.സി എം.ഡി ആയിരുന്ന എം.ജി രാജമാണിക്യമാണ് സർക്കാരിനുവേണ്ടി ധാരണാപത്രം ഒപ്പുവച്ചത്. സർക്കാർ അറിഞ്ഞില്ലെന്ന വാദം തന്നെ ഇവിടെ തകരുകയാണ്.

എന്നാൽ ഇതേത്തുടർന്ന് ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളറുകൾ നിർമ്മിക്കാൻ കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി)​ എന്ന സ്ഥാപനത്തിന് 2090 കോടി രൂപയുടെ കരാർ ലഭിച്ചു. ഇതിന്റെ എം.ഡി ആയ എൻ. പ്രശാന്ത് ഈ കരാറിന്റെ വിവരം തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് സർക്കാർ അതീവരഹസ്യമാക്കി വച്ചിരുന്ന 5324 കോടിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ധാരണാപത്രം ഒപ്പിട്ട വിവരം പുറത്താകുന്നത്. ഇക്കാര്യം പ്രതിപക്ഷനേതാവ് പുറത്തുവിട്ടതോടെയാണ് പ്രശാന്തിന് നേരെ സർക്കാരിന്റെ സംശയമുന നീണ്ടത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിയ്ക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നതാണ് കാരണം. ബി.ജെ.പി നേതാവായ അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും വഹിച്ചയാളാണ് പ്രശാന്ത്. അദ്ദേഹം എം.ഡിയായ സ്ഥാപനത്തിന് ട്രോളറുകൾ നിർമ്മിക്കാൻ ലഭിച്ച കരാർ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയെന്നതാണ് അദ്ദേഹം ആകെ ചെയ്തത്. എന്നാൽ പ്രശാന്തിനെ കരുവാക്കി ഉദ്യോഗസ്ഥ ഗൂഢാലോചനയെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ട്രോളറുകൾ നിർമ്മിക്കാൻ കെ.എസ്.ഐ.എൻ.സി യുമായി ഒപ്പുവച്ച ധാരണാപത്രം മാത്രമാണ് റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ആഴക്കടൽ മത്സ്യ ബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇ.എൻ.സി.സി യുമായി സർക്കാർ ഒപ്പുവച്ച ധാരണാപത്രമോ ഇവർക്ക് ചേർത്തല പള്ളിപ്പുറത്ത് നാലേക്കർ സ്ഥലം വിട്ടുനൽകിയ നടപടിയോ ഇതുവരെ റദ്ദാക്കിയിട്ടില്ല.

കൊല്ലത്ത് പ്രതിഷേധം ശക്തം

വിവാദവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഇ.എൻ.സി.സി കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്ന ചിത്രം അടക്കം കൂടുതൽ തെളിവുകൾ രമേശ് ചെന്നിത്തല പുറത്തുവിട്ടതോടെ മന്ത്രിക്കെതിരെ കൊല്ലത്ത് യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇടതുമുന്നണിയെ പ്രഹരിക്കാൻ ഇതിനപ്പുറം മറ്റൊരു വടിയില്ലെന്ന തിരിച്ചറിവിലാണ് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കിയത്. വിവാദം ഉയർന്ന ആദ്യദിവസം ഇതിൽ കാര്യമില്ലെന്ന് പറഞ്ഞ് നിസാരവത്‌കരിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ തുടർന്നുവന്ന ആരോപണങ്ങൾക്ക് മുന്നിൽ പതറി നിൽക്കുകയാണ്. മത്സ്യതൊഴിലാളികളെ എന്തുപറഞ്ഞ് വിശ്വാസത്തിലെടുക്കുമെന്നറിയാതെ എൽ.ഡി.എഫ് കേന്ദ്രങ്ങളും പരുങ്ങലിലാണ്. മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ മന്തി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച അവരുടെ കേരളപുരത്തെ വസതിയിലേക്ക് നടത്തിയ മാർച്ച് ടി.എൻ പ്രതാപൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.

രാഹുൽ ഇന്നെത്തും

തീരദേശത്തെ മത്സ്യതൊഴിലാളികളുമായി സംവദിക്കാൻ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി 24 ന് കൊല്ലത്തെത്തുന്നുണ്ട്. നേരത്തെ നിശ്ചയിച്ച പരിപാടിയാണ് ഇതെങ്കിലും പിന്നീടാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയർന്നുവന്നത്. അതിനാൽ രാഹുൽഗാന്ധിയുടെ സന്ദർശനം രാഷ്ട്രീയമായി മുതലാക്കാൻ കോൺഗ്രസും യു.ഡി.എഫും തീരുമാനിച്ചു കഴിഞ്ഞു. ഇന്ന് കൊല്ലം തങ്കശ്ശേരി കടപ്പുറത്താണ് രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികളെ കാണുന്നത്.