happiness

‘Heard melodies are sweet
but those unheard

Are sweeter, therefore ye-
Soft pipes; play on;’

(Keats)

ജീവിതമാകുന്ന വീണയിൽ ആത്മാവിനെ കോരിത്തരിപ്പിക്കുന്ന ഗീതങ്ങൾ മീട്ടുന്നതിനെ കുറിച്ചാണ് കീറ്റ്സ് പറയുന്നതെങ്കിൽ 'കാവ്യപുസ്തകമല്ലോ ജീവിതം അതിൽ കണക്കെഴുതാൻ ഏടുകളെവിടെ' എന്നാണ് പി.ഭാസ്‌കരൻ പാടുന്നത്. ജീവിതത്തിൽ ഒരുപാടു കണക്കുകൾ കൂട്ടുകയും കിഴിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും വലിയ കളികൾ കളിക്കുകയുമൊക്കെ ചെയ്യുന്നവർ ആത്യന്തികമായി എന്താണു നേടുന്നത് ? ഉള്ളംകൈയിൽ കത്തുന്ന തീവച്ചു കൊണ്ടെന്നതു പോലെ 'ജീവിതപ്പന്തയം' ഓടിത്തീർക്കുന്ന കൂട്ടർ ! തീർച്ചയായും അവർ വെട്ടിപ്പിടിക്കലാണ് ജീവിതമെന്ന് കരുതുന്നവരാണ്.
നമുക്കിഷ്ടപ്പെട്ട മനോഹരമായൊരു ഗാനം കേൾക്കുന്നത് എത്ര സന്തോഷകരമാണ് . അത്ര സന്തോഷം ഇന്നലെ കുഞ്ഞിന്റെ കൈപിടിച്ചു പൂന്തോട്ടത്തിൽ നടന്ന ഓർമ്മ നമുക്കു നൽകുന്നുണ്ടോ? കൂട്ടുകൂടി സ്‌കൂളിലെ പുളിമരത്തിനു ചുവട്ടിൽ നിന്നു പുളിപെറുക്കിത്തിന്ന രുചി ഇന്നും നാവിലൂറുന്നുണ്ടോ? നുറുങ്ങു സന്തോഷങ്ങൾ അയവിറക്കി ആസ്വദിക്കാൻ കഴിയുന്നവർക്ക് സന്തോഷത്തിലേക്കുള്ള ദൂരം വളരെ ചെറുതായിരിക്കും. അല്പസമയം ഇന്നലത്തെ കൊച്ചുസന്തോഷങ്ങളും നാളെ നാം സ്വപ്നം കാണുന്ന കൊച്ചുസന്തോഷങ്ങളും 'അയവിറക്കി' ആസ്വദിക്കുന്ന ശീലം നമ്മെ കൂടുതൽ സന്തോഷഭരിതരായിരിക്കാൻ സഹായിക്കും. വരാൻ സാദ്ധ്യതയുള്ള അപകടങ്ങളും ഇന്നലെ വന്നുപോയ ദുരന്തങ്ങളും ആലോചിച്ച് മനസ് കുണ്ഠിതപ്പെടുത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്.


‘The How of Happiness’ എന്ന പുസ്തകത്തിൽ Sonja Lyubomirsky സൈക്കോളജിയിൽ ലോകത്തെമ്പാടും നടന്നിട്ടുള്ള സന്തോഷം, ഡിപ്രഷൻ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ക്രോഡീകരിച്ച് ചില പ്രായോഗിക കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്. അതിൽ അവർ പറയുന്നത് നമ്മുടെ ചുറ്റുപാടുകൾ, സാഹചര്യങ്ങൾ, ജീവിതപങ്കാളി ഇവയ്‌ക്കൊക്കെ പരമാവധി നമ്മുടെ സന്തോഷത്തിന്റെ അളവിൽ പത്തുശതമാനത്തിലധികം സ്വാധീനം ചെലുത്താനാവില്ല എന്നാണ്. ജീവിതത്തിൽ ദുരന്തങ്ങളുണ്ടായാൽ അതിൽനിന്ന് കരകയറാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയും പെട്ടെന്ന് കരകയറാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നവർ കൂടുതൽ സന്തോഷമുള്ളവരാകും. അതു പതിവാക്കുന്നവർക്ക് സന്തോഷത്തിലേക്കുള്ള ദൂരം ചുരുങ്ങിയതായിരിക്കും. താൻ ഭാവിയിൽ 'ഏറ്റവും നല്ല ഞാനാ'കാനായി എന്തെല്ലാം ചെയ്യണമെന്ന് ഒരു ഡയറിയിൽ എഴുതി വയ്‌ക്കുന്നത് നല്ല ഫലം തരുന്ന ശീലമാണെന്ന് അവർ പറയുന്നു. വിഡ്ഢിസ്വപ്നങ്ങളല്ല, അവയൊക്കെ യാഥാർത്ഥ്യങ്ങളാണെന്ന് കാലം തെളിയിക്കും. കാരണം ആ നേട്ടങ്ങൾക്കായി പരിശ്രമിക്കുകയും പ്ലാൻ ചെയ്യുകയും കൂടി ചെയ്യുന്നത് ഡയറി എഴുതിത്തുടങ്ങുന്നതോടെ ശീലമാകും. നമ്മുടെ വീടോ പങ്കാളിയോ ബോസോ ഒന്നും നമ്മുടെ ഭാവി തീരുമാനിക്കുന്നതിൽ ഘടകമേയല്ല എന്നും നാം വേഗം തിരിച്ചറിയും. ശുഭാപ്തി വിശ്വാസം പൊതുവേ നിലനിറുത്തിയാൽ ആത്മവിശ്വാസത്തോടെ ജീവിതലക്ഷ്യത്തിലേക്ക് നീങ്ങാൻ നമുക്കു സാധിക്കും. നമ്മുടെ സ്‌കൂളുകളിൽ കുട്ടികളെക്കൊണ്ട് തങ്ങളുടെ ഭാവിസ്വപ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതിവയ്‌ക്കുന്നത് നല്ലൊരു എക്സർസൈസ് ആയിരിക്കും. നിരന്തരം സ്വന്തം സ്വപ്നങ്ങളെക്കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ കുറിയ്ക്കുന്ന കുട്ടികൾ അത് ജീവിതത്തിൽ യാഥാർത്ഥ്യമാക്കാനായി ലക്ഷ്യബോധത്തോടെ പരിശ്രമിച്ചു തുടങ്ങും. അങ്ങനെ മനസിനെ സന്തോഷത്തോടെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ പാകപ്പെടുത്തുന്ന കുട്ടികൾ ലക്ഷ്യബോധത്തിൽ നിന്നു വ്യതിചലിച്ച് വഴിവിട്ടു സഞ്ചരിയ്ക്കാൻ സാദ്ധ്യത കുറയും. സ്‌കൂളുവിട്ട് ഒളിച്ചോടിപ്പോകാനും ജീവിതത്തിൽ നിന്ന് തന്നെ ഒളിച്ചോടാനായി ലഹരി ഉപയോഗിക്കാനുമൊക്കെയുള്ള സാദ്ധ്യത അങ്ങനെ കുറച്ചു കൊണ്ടുവരാം. സന്തോഷത്തിലേക്കുള്ള 'എളുപ്പ മാർഗങ്ങളി'ലേക്ക് വഴിതെറ്റിപ്പോകാതെ കുട്ടികളെ നല്ല ലക്ഷ്യബോധവും ആത്മവിശ്വാസവും പരിശ്രമ ശീലവുമുള്ളവരാക്കാൻ ഇത്തരം ദൈനംദിന അഭ്യാസം പര്യാപ്തമാക്കുമെങ്കിൽ നമുക്ക് എന്തുകൊണ്ടു പരീക്ഷിച്ചു കൂടാ? ഇക്കഴിഞ്ഞ ദിവസം ഡി.ജി.പി ശ്രീ.ഋഷിരാജ് സിംഗിന്റെ 'വൈകും മുമ്പേ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം കേരളത്തിലെ ആയിരത്തോളം സ്‌കൂളുകൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ച അനുഭവത്തിൽ നിന്നാണ് ലഹരിയിലേക്ക് വഴുതിപ്പോകുന്ന കേരളീയ ബാല്യത്തെ നേർവഴിക്ക് നടത്തുക എന്ന ലക്ഷ്യത്തോടെ ഈ പുസ്തകം രചിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികളിൽ 70 ശതമാനവും ലഹരി രുചിച്ചിട്ടുള്ളവരാണെന്ന കണക്ക് ഞെട്ടിപ്പിയ്ക്കുന്നതാണ്. കുട്ടികളിൽ മാത്സര്യബോധം നിറയ്ക്കുകയും അതേ സമയം അവരോടൊപ്പം സമയം ചെലവഴിയ്‌ക്കാനില്ലാതെ വരികയും ചെയ്യുന്ന മാതാപിതാക്കൾ. ലഹരിയ്ക്ക് അടിമപ്പെട്ട ഒട്ടനേകം കുട്ടികളുടെ അമ്മമാർ ആ കുട്ടികളെ രക്ഷിയ്ക്കണം എന്ന അഭ്യർത്ഥനയുമായി ഋഷിരാജ് സിംഗിനെ അദ്ദേഹം എക്‌സൈസ് കമ്മീഷണറായിരുന്നപ്പോൾ സമീപിച്ചു. എന്നാൽ ഒരൊറ്റ അച്ഛനും ഇത്തരം ആവശ്യവുമായി എത്തിയില്ലത്രേ! ഇതു നമ്മുടെ കണ്ണുതുറപ്പിക്കേണ്ട നിരീക്ഷണമാണ്. കുട്ടികളുടെ വളർച്ചയിലും സ്വഭാവ രൂപീകരണത്തിലും പിതാക്കന്മാർ അശ്രദ്ധരായാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയില്ലേ? കുഞ്ഞിന്റെ വളർച്ചയിൽ അമ്മയ്ക്കും അച്ഛനും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന കാര്യം നാം മറന്നുകൂടാ. സ്‌കൂളുകളിലെ ലഹരി ഉപയോഗം എന്ന സത്യം തിരിച്ചറിയുമ്പോഴും ഒന്നും ചെയ്യാനാകാതെ നിസഹായരാകുന്ന അദ്ധ്യാപകർ. വൈകും മുൻപേ നാം ഇതു തിരിച്ചറിഞ്ഞ് ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.