
കരിവെള്ളൂരിനടുത്ത് കൊടക്കാട് വെള്ളച്ചാൽ ദേശത്ത്, കണ്ണപ്പെരുവണ്ണാന്റെ വൈദ്യശാലയ്ക്ക് പിറകിലെ പൊടിക്കളമുറ്റത്താകെ കരിയിലകൾ വീണു കിടക്കുന്നു. അവയ്ക്കുമേൽ കുംഭച്ചൂടും വെയിൽപ്പൊട്ടുകളും തിമിർത്താടുന്നു...
രവിയേട്ടൻ പറഞ്ഞു:
''എല്ലാ ദിവസവും പൊടിക്കളം തുറന്ന് വിളക്കുവയ്ക്കാറൊന്നുമില്ല. കാലം വല്ലാതെ മാറി.""
മുന്നിൽ, പഴയ വൈദ്യശാലയുടെ സ്ഥാനത്ത് ഇപ്പോൾ വലിയൊരു ഇരുനില കെട്ടിടമാണ്. ശ്രീ മൂകാംബിക വൈദ്യശാല. മനോഹരമായ താടിയുഴിഞ്ഞ്ചിരിച്ച് ചെറുപ്പക്കാരനായ ഡോക്ടർ പടിയിറങ്ങി വന്നു:
''ഞാൻ മണി. ഓർമ്മയുണ്ടോ?""
വർഷങ്ങൾ വളരെ പെട്ടെന്ന് പിറകോട്ട് ഓടിപ്പോയി. 1983-ലെ കുറെ ഈറൻ പകലുകൾ. നർത്തകരത്നം കണ്ണപ്പെരുവണ്ണാൻ എന്ന ദിവ്യരൂപത്തിന് മുന്നിൽ, തെയ്യംകെട്ട് ജീവിതമറിയാൻ കടലാസും പേനയും ആകാംക്ഷാമനുമായിരുന്ന നാളുകളിൽ മണിയുമുണ്ടായിരുന്നു അരികിൽ. ഏഴിലോ എട്ടിലോ ആയിരുന്നു അന്ന്. അച്ചാച്ചന്റെ തെയ്യംകഥകളറിയാൻ അവനായിരുന്നു എന്നേക്കാൾ തിടുക്കം. വൈദ്യശാലയിൽ,  മരുന്നുകളെടുത്തു കൊടുക്കുന്നതിനിടയിൽ, അവന്റെ അച്ഛൻ, പെരുവണ്ണാന്റെ  മൂത്ത മകൻ കുഞ്ഞിക്കണ്ണൻ അവനെ ഗുണദോഷിച്ചു:
''പരീക്ഷയല്ലേ നിനക്ക്? ചെന്ന് നാലക്ഷരം പഠിച്ചൂടെ?""

രണ്ട്
കതിവനൂർവീരൻ തെയ്യമാണ് കണ്ണപ്പെരുവണ്ണാന്റെ മാസ്റ്റർപീസ്. മന്ദപ്പനെന്ന മനുഷ്യനായി പിറന്നുവളർന്നതിൽപ്പിന്നെ, ദൈവക്കരുവായതുവരെയുള്ള കതിവനൂർവീരന്റെ കഥ സ്തോഭജനകമായ നിരവധി മുഹൂർത്തങ്ങളിലൂടെയും ചടുലചലനങ്ങളോടെയും പെരുവണ്ണാൻ അവതരിപ്പിക്കുന്നത് നിർന്നിമേഷം നോക്കിനിന്ന എത്രയോ അവസരങ്ങൾ! അദ്ദേഹത്തിന്റെ പുലിക്കണ്ടൻ തെയ്യാട്ടങ്ങളും നിരവധി. പതിനായിരക്കണക്കിന് മുത്തപ്പൻ വെള്ളാട്ടങ്ങളും...! തെയ്യാട്ടത്തിന് പുറമേയാണ് അച്ഛൻ കുട്ട്യമ്പുമണക്കാടനിൽ നിന്ന് പാരമ്പര്യമായി ഏറ്റുവാങ്ങിയ ബാലചികിത്സ.
കണ്ണപ്പെരുവണ്ണാന്റെ അയൽപക്കക്കാരനായ, എന്റെ പത്രപ്രവർത്തകസുഹൃത്ത് വി.വി. പ്രഭാകരനും 1983-ലെ ആ അന്വേഷണനാളുകളിൽ എന്നോടൊപ്പമുണ്ടായിരുന്നു. പുതിയ തലമുറയ്ക്ക് തെയ്യുംകെട്ടുകാരാവുന്നതിലുള്ള വിമുഖത തുറന്നു പറയുമ്പോൾ പെരുവണ്ണാന്റെ കണ്ണുകൾ പിടഞ്ഞു. മൂത്ത മകൻ പാരമ്പര്യമായി കിട്ടിയ വൈദ്യശാലനടത്തിപ്പുമായി ഒതുങ്ങിക്കൂടി. പിന്നീട് ഒരുനാൾ വളരെ പെട്ടെന്ന് ആരോടും പറയാതെ അങ്ങേലോകത്തേക്ക് പോയെന്നറിഞ്ഞു. അദ്ദേഹത്തിന്റെ മകൻ മണി പരിയാരം ആയുർവേദ മെഡിക്കൽ കോളേജിൽ പഠനം കഴിഞ്ഞ് ഇപ്പോൾ 'ശ്രീ മൂകാംബിക വൈദ്യശാല" നവീകരിച്ച് നന്നായി മുന്നോട്ടു കൊണ്ടുപോവുന്നു. പെരുവണ്ണാന്റെ രണ്ടാമത്തെ മകൻ രവീന്ദ്രൻ എന്ന രവിയേട്ടൻ ബാങ്കുദ്യോഗസ്ഥനായി പല നാടുകൾ കറങ്ങി, ഒടുവിൽ വിശ്രമജീവിതം നയിച്ച് കൊടക്കാടുണ്ട്. 2004 ഡിസംബർ 8 നാണ് കണ്ണപ്പെരുവണ്ണാൻ നിത്യതയിലേക്ക് കടന്നുപോയത്, 87-ാം വയസിൽ.

മൂന്ന്
1984-ൽ കാസർകോട്ടെ ഒരു വാടകവീട്ടിലെ ഏകാന്തതയിലാണ്  'ദൈവപ്പുര" എന്ന എന്റെ ആദ്യനോവൽ പിറന്നുവീഴുന്നത്. ഏതാണ്ട് ഒരിരുപത് രാപ്പകലുകൾ. 'ഈയാഴ്ച" വാരികയുടെ ഒരുക്കങ്ങൾ വൈകുന്നതിനിടയിലെ ആ ഇടവേളയിൽ. ഞാൻ കണ്ണപ്പെരുവണ്ണാൻ പറഞ്ഞ ജീവിതകഥ മാറ്റിയെഴുതുകയായിരുന്നു. നോവലിൽ രാമപ്പെരുവണ്ണാൻ സജീവമായി നിലകൊണ്ടു. വൈദ്യശാല നടത്തിപ്പുകാരനായി കുഞ്ഞിക്കൃഷ്ണനും, അച്ചാച്ചന്റെ തെയ്യാട്ടത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന മകനായി മണികണ്ഠനും കടന്നു വന്നു. പത്രപ്രവർത്തകനായ പ്രകാശനും നോവലിലെ ഒരു പ്രധാന കഥാപാത്രമായി കൂടെ നിന്നു.
1985-ൽ ഡി.സി. സാർ (ഡി.സി. കിഴക്കേമുറി) അദ്ദേഹത്തിന്റെ കറന്റ് ബുക്സിലൂടെ ദൈവപ്പുരയ്ക്ക് പുസ്തകരൂപം സമ്മാനിച്ചപ്പോൾ, അതെന്റെ ആദ്യനോവലും ആദ്യ പുസ്തകവുമായി. തെയ്യം കെട്ടുകലാകാരന്മാരുടെ ജീവിതമെഴുതുന്ന ആദ്യ നോവൽ എന്ന ഭാഗ്യപരാമർശം കൂടി നിരൂപകപക്ഷത്തുനിന്നും 'ദൈവപ്പുര"യ്ക്ക് ലഭിച്ചു.
'ദൈവപ്പുര"യുടെ രചനയിലേക്ക് നയിച്ചത്  'ദൈവം" എന്ന ചെറുകഥയായിരുന്നു. കുഞ്ഞാപ്പു എന്ന തെയ്യം കെട്ടുകാരന്റെ ദീനവും ഖിന്നവുമായ ജീവിതാവസ്ഥകളിലൂടെ നീങ്ങിയ ആ കഥയ്ക്ക് എസ്.പി.സി.എസിന്റെ ആദ്യ കാരൂർ പുരസ്കാരവും എന്നെത്തേടിയെത്തിയത് 1985-ൽ തന്നെ. (എനിക്കു ലഭിച്ച ആദ്യ അവാർഡുമാണത്)
നാല്
വീണ്ടും പ്രഭാകരനോടൊപ്പമാണ് ഞാൻ വൈദ്യശാലയിലും, രവിയേട്ടന്റേയും മണിയുടേയുമൊക്കെ മുന്നിലും എത്തുന്നത്.
''ദൈവപ്പുരയുടെ മുപ്പത്താറാം രചനാവാർഷികമാണിത്."" ഞാൻ സന്തോഷം പങ്കുവെച്ചു:
''നാലാം പതിപ്പ് ഉടനെ പുറത്തിറങ്ങാൻ പോകുന്നു.""
''ഓ- കാലമെത്ര പെട്ടെന്നാണ് കടന്നുപോയത്.""
രവിയേട്ടൻ പറഞ്ഞു:
''ഇപ്പോഴാണെങ്കിൽ ഇന്നാട്ടിൽ തെയ്യവും കളിയാട്ടങ്ങളുമൊക്കെ മുടങ്ങിക്കിടക്ക്വാണ്.""
ശരിയാണ്, ഞാനോർത്തു. തുലാപ്പത്തു മുതൽ മേടമൊടുങ്ങുന്നതുവരെ, അരങ്ങു തകർക്കേണ്ടുന്ന ഒരു തെയ്യക്കാലമാണ് നിശബ്ദമായി കടന്നു പോകുന്നത്... കുറുഞ്ഞിക്കാവിൽ മേലേരി എരിയേണ്ടത് ഈ ഫെബ്രുവരിയിലെപ്പോഴോ ആയിരുന്നു... മുച്ചിലോട്ടും ചീർമക്കാവിലുമൊക്കെ കാലം കൊറോണയായി കട്ടപിടിച്ചിരിക്കുന്നു! അന്തിത്തിരി തെളിയാതെ കോട്ടങ്ങളും കാവുകളും ദൈവപ്പുരകളും ഒക്കെ തികഞ്ഞ അന്ധകാരത്തിൽ! എനിക്കും പ്രഭാകരനും മുന്നിൽ, കണ്ണപ്പെരുവണ്ണാന്റെ പൊടിക്കളമുറ്റത്ത് തുരുതുരാ കരിയിലകൾ പാറി വീണുകൊണ്ടിരുന്നു...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyanur@gmail.com )