ee

വീട് ഇപ്പോൾ വിളിക്കാറില്ല

വീടിനെ ഞാൻ
വിളിച്ചു കൊണ്ടേയിരിക്കുന്നു.
വീട് എന്റെ വിളി
കേൾക്കുന്നില്ല.
ഞാൻ വീടിനെ
കേൾക്കാതിരുന്നതപോലെ.

ഇറങ്ങി നടന്നപ്പോൾ
ആദ്യചുവടിൽത്തന്നെ
മണ്ണ് അതു പറഞ്ഞതാണ്..
ഇറങ്ങി നടപ്പിനൊടുവിൽ
തിരിച്ചുവരവുണ്ടാവില്ലെന്ന് .

മണ്ണ് പറഞ്ഞു
വിണ്ണ് പറഞ്ഞു
കണ്ണുകൾ
നിറഞ്ഞു പറഞ്ഞു.

മഞ്ഞപ്പൂക്കൾ നിറയുന്ന
മരുഭൂമികളായിരുന്നു
കിനാവിൽ നിറയെ.
കിനാവ് എനിക്കു മന്നേ നടന്നു.

ഒരു കൊടുംകാട് വീടായി.
വീടും കാടായിക്കാണണം.

വീട്ടിലേക്ക്
ഇനിയില്ല.
കാട്ടിൽ നിന്ന്
ഇറങ്ങാനാവുന്നില്ല.