strawberry

ബിരിയാണി ഇഷ്ടമില്ലാത്തവർ കുറവാണ്. തലശ്ശേരി ബിരിയാണി, ഹൈദരാബാദി ബിരിയാണി തുടങ്ങി നിരവധി വെറൈറ്റി ബിരിയാണികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, പിന്നെ അത്തരം ഒരു ബിരിയാണി പരീക്ഷിച്ചാലോ? സ്ട്രോബിരിയാണി, അതാണ് വെറൈറ്റി. കഴിക്കണമെങ്കിൽ പാക്കിസ്ഥാൻ വരെ പോകണമെന്ന് മാത്രം.

ഇസ്ലാമാബാദിലെ സാദ് എന്ന് പേരുള്ള ഭക്ഷണശാലയാണ് സ്ട്രോബിരിയാണി അവതരിപ്പിച്ചിരിക്കുന്നത്. ഹോട്ടലിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് സ്ട്രോബെറി ചേർത്ത ബിരിയാണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വലിയ ചെമ്പിൽ തയ്യാറാക്കിയിരിക്കുന്ന ബിരിയാണിയിലാണ് സ്ട്രോബെറി ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ ബിരിയാണിയിൽ സ്ട്രോബെറി ചേർത്തു തയ്യാറാക്കിയതാണോ അതോ ബിരിയാണി ഉണ്ടാക്കിയതിന് ശേഷം സ്ട്രോബെറി ഭംഗിക്കായി ചേർത്തതാണോ എന്ന് വ്യക്തമല്ല.

'ഞങ്ങൾ ഇന്നൊരു വെറൈറ്റി സ്ട്രോബിരിയാണി തയ്യാറാക്കി, ട്വിറ്റർ ഉപഭോക്താക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കൗതുകമുണ്ട്" എന്ന അടിക്കുറിപ്പോടെയാണ് സ്ട്രോബിരിയാണിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് സ്ട്രോബിരിയാണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് വൈറൽ ആക്കിയിരിക്കുന്നത്. എന്നാൽ സ്ട്രോബെറി ബിരിയാണി കോമ്പിനേഷൻ തീരെ ഇഷ്ടപ്പെടാത്തവരും നിരവധിയാണ്.

ഇതാദ്യമായിട്ടല്ല വെറൈറ്റി ബിരിയാണികൾ ജനശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് തരംഗമായ ന്യൂട്ടെല്ല ബിരിയാണി മറന്നിരിക്കില്ലല്ലൊ? നാവിൽ കൊതിയൂറുന്ന ചിക്കൻ ബിരിയാണിയിൽ പക്ഷേ, ടോപ്പിംഗ് ആയി ചോക്ളേറ്റിന്റെ രുചിയുള്ള ന്യുട്ടെല്ലയും കൂടി ഒഴിച്ച് മിക്സ് ചെയ്ത് കഴിച്ചാൽ എങ്ങനെയിരിക്കും?

മുസ്ലിം മീംസ് എന്ന ഫേസ്ബുക്ക് പേജ് ആണ് ന്യുട്ടെല്ല ബിരിയാണിയുടെ ചിത്രങ്ങൾ പങ്കുവച്ചത്. രസകരമായ വസ്തുത എന്തെന്നാൽ ബിരിയാണി ആരാധകർ പലരും ന്യുട്ടെല്ല ബിരിയാണിക്കെതിരെ രംഗത്തെത്തിയിരുന്നു. ബിരിയാണിയെയും ന്യുട്ടെല്ലയെയും ഇത്തരത്തിൽ അധിക്ഷേപിക്കരുത് എന്ന തരത്തിൽ നിരവധി കമന്റുകൾ ഫേസ്ബുക്കിൽ വന്നിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ബിരിയാണി സൃഷ്‌ടിച്ച വ്യക്തി ആരായിരുന്നാലും അദ്ദേഹത്തെ ജയിലിൽ അടക്കണം എന്നാണ് മറ്രു ചിലർ പ്രതികരിച്ചത്. 'ഇത് ദൈവനിന്ദയാണ്', ' മതിയായി, ഞാനീ ലോകം വിട്ടു പോകുന്നു', 'ഭക്ഷണത്തിന് അപമാനമായ ഭക്ഷണം', എന്നിങ്ങനെ പോകുന്നു സമൂഹ മാദ്ധ്യമം കീഴടക്കിയ ബിരിയാണിയുടെ ചിത്രത്തിന് താഴെ കുറിച്ച കമന്റുകൾ.