panchayat-union-councilor

ചെന്നൈ : യുവാവിനെ കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി അക്രമികളുടെ ബൈക്ക് യാത്ര. അറുത്തെടുത്ത തല യാത്രയ്ക്കിടെ നടുറോഡിൽ വീണതോടെയാണ് നടുക്കുന്ന കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. ഗ്രാമപഞ്ചായത്ത് അംഗമാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടൈക്കു സമീപത്തെ അലങ്കാനാട് റോഡിലെ വഴിയാത്രക്കാരാണ് ചോര വാർന്ന നിലയിൽ മനുഷ്യന്റെ തല നടുറോഡിൽ കിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലങ്കാട് ഗ്രാമ പഞ്ചായത്ത് അംഗം രാജേഷാണ് (34) കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. പരിശോധനയിൽ സമീപത്തെ കയർ ഫാക്ടറിയിൽ നിന്ന് രാജേഷിന്റെ തലയില്ലാത്ത മൃതദേഹവും കണ്ടെത്തി.

രാവിലെ വീട്ടിൽ നിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് പോകാനിറങ്ങിയതായിരുന്നു രാജേഷ്. കാത്തിരുന്ന അക്രമി സംഘം രാജേഷിനെ പിടികൂടി കയർ ഫാക്ടറിയിൽ എത്തിച്ചു കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം, കൊലപതാക ശ്രമം, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകൾ പ്രദേശത്തെ ഗുണ്ടാസംഘത്തിൽ പ്രധാനിയായിരുന്ന രാജേഷിന്റെ പേരിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച രാജേഷ് പിന്നീട് അണ്ണാ ഡി.എം.കെയിൽ ചേരുകയായിരുന്നു. എന്നാൽ, കൊലപാതകത്തിനു പിന്നിൽ ആരാണെന്നുള്ളത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.