
തിരുവനന്തപുരം: കൊവിഡിനെതിരായ വാക്സിൻ വിതരണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചതിന് പിന്നാലെ മൂന്നാം ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും സർക്കാർ തുടങ്ങി. ആദ്യഘട്ടത്തിൽ
കൊവിഡ് മുന്നണി പോരാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് വാക്‌സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ പൊലീസ്, സേനാ വിഭാഗങ്ങളിൽ നിന്നുള്ളവർ, റവന്യൂ ജീവനക്കാർ, മുനിസിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുക. കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഈ ഘട്ടത്തിലാണ് വാക്‌സിൻ നൽകുന്നത്. 76,000ൽ അധികം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്. റവന്യൂ പഞ്ചായത്ത് ജീവനക്കാർ ഉൾപ്പെടെ മൊത്തം 12 ലക്ഷത്തിലധികം മുന്നണി പോരാളികളാണ് സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കുക.
അതേസമയം, മൂന്നാംഘട്ടത്തിൽ അനാരോഗ്യമുള്ളവർക്കും പ്രായമേറിയവർക്കുമാകും വാക്‌സിൻ നൽകുക. അനാരോഗ്യം അനുഭവിക്കുന്ന 30 ലക്ഷത്തോളം പേർക്കും പ്രായാധിക്യമേറിയ 45 ലക്ഷത്തോള പേർക്കും മൂന്നാം ഘട്ടത്തിൽ വാക്‌സിൻ നൽകും. വാക്‌സിൻ നൽകിയ ശേഷം ഇവരെ നിശ്ചിത ദിവസം പ്രത്യേകം നിരീക്ഷിക്കും. തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിച്ചാണ് വാക്‌സിൻ നൽകേണ്ടവരുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണിത്.
 2000 കേന്ദ്രങ്ങൾ
മൂന്നാം ഘട്ടത്തിൽ 2000 കേന്ദ്രങ്ങളാണ് വാക്‌സിൻ വിതരണത്തിനായി സംസ്ഥാന സർക്കാർ തയ്യാറാക്കുക. ഈ ഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്കായിരിക്കും മുൻഗണന നൽകുക. കുടുംബരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുഹാളുകൾ തുടങ്ങിയവ അടക്കമുള്ള കേന്ദ്രങ്ങളാണ് ആരോഗ്യ വകുപ്പ് വാക്‌സിൻ വിതരണത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുന്നവരെല്ലാം മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും. കുടുംബശ്രീ പ്രവർത്തകരും ആശാ വർക്കർമാരും ആയിരിക്കും ജില്ലാഭരണകൂടത്തിന് വേണ്ടി രജിസ്റ്ററുകൾ തയ്യാറാക്കുക. വാക്സിൻ സ്വീകരിക്കാൻ തയ്യാറാകുന്നവരുടെ എണ്ണം അനുസരിച്ച് വാക‌്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണവും ഉയർത്തും.
 വാക്‌സിൻ വിതരണം വേഗത്തിലാക്കണമെന്ന് ഐ.എം.എ
നിലവിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൊവിഡിന്റെ അതിവേഗത്തിലുള്ള വ്യാപനം നടക്കുന്നത്. അതിനാൽ തന്നെ പ്രതിരോധ വാക്‌സിൻ വിതരണം വേഗത്തിൽ ആക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ എത്രയും വേഗം പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ നോക്കാതെ ആധാർ കാർഡോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ആയി എത്തുന്ന ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ നൽകണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്.