pinarayi-vijayan

തിരുവനന്തപുരം: ഉദ്യോഗാർത്ഥികളുടെ സമരം തീർക്കാൻ തിരക്കിട്ട നടപടികളുമായി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണക്കാക്കി നിയമനം നടത്താവുന്ന ലാസ്റ്റ് ഗ്രേഡ് തസ്‌തികകളുടെ പട്ടിക ആഭ്യന്തര സെക്രട്ടറി സർക്കാരിന് കൈമാറി. സമരം തുടരുന്ന കായികതാരങ്ങളുടെ നിയമനത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

ഉദ്യോഗാർത്ഥികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഉറപ്പ് രേഖാമൂലം നൽകാനാണ് ഉദ്യോഗസ്ഥ തലത്തിൽ തിരക്കിട്ട നടപടികൾ നടക്കുന്നത്. വിവിധ വകുപ്പുകളിൽ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകൾ വകുപ്പ് മേധാവികൾ ഇതിനോടകം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഈ വർഷം ഡിസംബർ 31നുളളിൽ ഉണ്ടാകാനിടയുളള ഒഴിവുകൾ മുൻകൂട്ടി കണ്ടാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസറ്റ് വരെ എൽ ജി എസ് റാങ്ക് ലിസ്റ്റിന് കാലാവധിയുമുണ്ട്. വാച്ച്‌മാൻമാരുടെ സമയക്രമം ഉദ്യോഗസ്ഥ ഭരണപരിഷ്‌കര വകുപ്പ് പരിശോധിക്കും. ഈ സമയം പുനക്രമീകരിച്ച് പുതിയ തസ്തികകൾ സൃഷിടിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. വകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ അറിയിക്കും. ഇതിൽ തീരുമാനം വരുന്നതോടെ സമരം തീരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

അതേസമയം ഫയലുകളിലെ പുരോഗതി അറിയാൻ ഉദ്യോഗാർത്ഥികൾ ഇന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടപടികൾ പുരോഗമിക്കുന്നു എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്. നാളത്തെ മന്ത്രിസഭാ യോഗത്തിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന ഉറപ്പിൽ കായികതാരങ്ങൾ തത്കാലം കടുത്ത സമരരീതികളിൽ നിന്ന് മാറി നിൽക്കുകയാണ്. അനുകൂല തീരുമാനം വന്നാൽ സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതേസമയം, സി പി ഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.