
മസ്ക്കറ്റ്: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കെർപ്പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി. ലെബനോൻ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഗിനിയ, ഘാന, സിയാറ ലിയോൺ, എതോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസത്തേക്ക് താത്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ അർധരാത്രിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഒമാനിലേക്കുള്ള യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് ഈ രാജ്യങ്ങൾ വഴി സഞ്ചരിച്ച ആളുകൾക്ക് അടക്കം വിലക്ക് ബാധകമാകും. ഒമാനി പൗരന്മാർ, നയതന്ത്ര പ്രതിനിധികൾ, ഒമാനിലെ ആരോഗ്യ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമായിരിക്കില്ല.
രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ നേരത്തെ തന്നെ ഇവിടെ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് സ്വദേശി-വിദേശി പൗരന്മാരോട് ഒമാന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒഴിച്ചു കൂടാനാവാത്ത സാഹചര്യം ഉണ്ടായാൽ മാത്രമെ യാത്രകൾ നടത്താവൂ എന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഒമാനിൽ കഴിഞ്ഞ ദിവസം 330 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.