
തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവെ ശബരിമല മുഖ്യപ്രചാരണ വിഷയമാകുമെന്ന് വീണ്ടും ഉറപ്പായിരിക്കുകയാണ്. ശബരിമല ഉയർത്തിക്കാട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയത്തിന്റെ പശ്‌ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലും തുടക്കം മുതൽ കോൺഗ്രസ് നേതാക്കൾ ശബരിമലയെപ്പറ്റി വാതോരാതെ സംസാരിക്കുന്നുണ്ട്. യു ഡി എഫിന് പിന്നാലെ സി പി എം ഭയപ്പെടുന്ന ശബരിമല ഉയർത്തിക്കൊണ്ടു വരികയാണ് ബി ജെ പി. ഇതിനുളള നീക്കങ്ങൾ അണിയറയിൽ ആരംഭിച്ചു.
പ്രകടനപത്രികയിലടക്കം വൻ വാഗ്ദ്ധാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ബി ജെ പി നിരത്തുന്നത്. ശബരിമല രാഷ്ട്രീയ മുക്തമാക്കുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകും. പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഹിന്ദു സംഘടനകൾ, ഗുരു സ്വാമിമാർ എന്നിവരുടെ നേതൃത്വത്തിലുളള ഭരണസമിതിക്ക് രൂപം നൽകും. ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്നും പ്രകടനപത്രിക വാഗ്ദ്ധാനം നൽകും.
നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കുന്നതിനെതിരെയും നിയമനിർമ്മാണം കൊണ്ടുവരുമെന്നും പ്രകടന പത്രികയിലുണ്ടാകും. യു പി മാതൃകയിലായിരിക്കും നിയമ നിർമ്മാണം നടത്തുക. ഇക്കാര്യത്തിൽ ക്രൈസ്‌തവ സഭകളുടെ പിന്തുണ തേടാനും ബി ജെ പി തീരുമാനിച്ചിട്ടുണ്ട്.
കുമ്മനം രാജശേഖരൻ കൺവീനറായുളള സമിതിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 38 ഇന വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കുക. പ്രകടന പത്രിക തയ്യാറാക്കുന്ന സമിതി 27ന് ചേർന്ന് അന്തിമ രൂപം നൽകും