
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ കഴുതകളെ കൂട്ടത്തോടെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണം ചെന്നുനിന്നത് കശാപ്പുശാലകൾക്ക് മുന്നിൽ. കൃഷ്ണ, പടിഞ്ഞാറൻ ഗോദാവരി, ഗുണ്ടൂർ, പ്രകാശം ജില്ലകളിലാണ് കഴുകളെ കശാപ്പുചെയ്ത് വിൽക്കുന്ന സംഘങ്ങളുടെ താവളം. കഴുത ഇറച്ചിക്ക് ആവശ്യക്കാർ കൂടിയതാണ് കശാപ്പ് കൂടാൻ കാരണം. കഴുത ഇറച്ചി ശാരീരിക, ലൈംഗിക ശക്തി വർദ്ധിപ്പിക്കുമെന്ന പ്രചാരണം ശക്തമായതോടെയാണ് ഇറച്ചിവിൽക്കുന്ന സംഘങ്ങൾ സജീവമായത്. വളർത്തുന്നവരിൽ നിന്നാണ് കഴുതകളെ സാധാരണ വാങ്ങുന്നതെങ്കിലും കൂട്ടത്തോടെ മോഷ്ടിക്കുന്നതും പതിവാണ്. അയൽ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിലും നിന്നും കഴുകളെ കയറ്റിക്കൊണ്ടുവരുന്ന സംഘങ്ങളും സജീവമാണ്.
ഇറച്ചിവിൽപ്പന സംഘങ്ങൾ സജീവമായതോടെ കഴുതകളുടെ വിലയും ഉയർന്നിട്ടുണ്ട്. പൂർണ വളർച്ചയെത്തിയ ഒരു കഴുതയ്ക്ക് 10000 മുതൽ 15,000വരെ വിലയുണ്ട്. 2001ലെ നിയമമനുസരിച്ച് കഴുകളെ കശാപ്പുചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഇതൊന്നും കാര്യമാക്കാതെയാണ് കശാപ്പ് സംഘങ്ങൾ വിലസുന്നത്.
സംസ്ഥാനത്തെ കഴുതകളുടെ എണ്ണം ഇപ്പോൾ വെറും 5000 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.രാജ്യത്തെ മൊത്തം കഴുതകളുടെ എണ്ണവും 2012 ന് ശേഷം 60 ശതമാനം കുറഞ്ഞിട്ടുണ്ട്. കഴുത ഇറച്ചിക്കൊപ്പം കഴുതപ്പാലിനും ആവശ്യക്കാരേറെയാണ്. സൗന്ദര്യം വർദ്ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുവായയും കഴുതപ്പാൽ ഉപയോഗിക്കുന്നുണ്ട്. പശുവിൻ പാലിലും ആട്ടിൻ പാലിലും പ്രോട്ടീനുകളാണ് കൂടുതൽ ഉളളതെങ്കിൽ കഴുതപ്പാലിൽ അടങ്ങിയിട്ടുളള അപൂർവ മൂലകങ്ങൾ, വിറ്റാമിനുകൾ, മിനറൽസ് തുടങ്ങിയവയാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നത്. ലിറ്ററിന് 4,500 മുതൽ 5,000 രൂപ വരെയാണ് വില.
കഴുതമൂത്രത്തിനും ആവശ്യക്കാരേറെയാണ്. മൂത്രത്തിന് ലിറ്ററിന് 500 രൂപയ്ക്ക് മുകളിലാണ് വില. സിദ്ധ വൈദ്യത്തിലാണ് മൂത്രത്തിന് ഏറെ പ്രിയം.