
കീടനാശിനികളും രാസവസ്തുക്കളും പൂർണമായും ഉപേക്ഷിച്ചാണ് കൃഷി ചെയ്തത്. ചാണകപ്പൊടി, കോഴിവളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം, കുമ്മായം എന്നിവയാണ് അടിവളമായി ചേർത്തത്. ഓർഗാനിക് വളങ്ങൾ ഡ്രിപ്പ് വഴി നൽകിയാണ് തണ്ണിമത്തൻ ചെടികൾ വളർത്തിയെടുത്തത്. ആവശ്യമായ വെള്ളവും വളവും ഒരുമിച്ചു ഡ്രിപ്പ് വഴി നൽകാൻ ആധുനിക സംവിധാനം തോട്ടത്തിലെ കുളത്തിൽ ഒരുക്കിയിരുന്നു. തോട്ടത്തിൽ വരമ്പുകൾ ഉണ്ടാക്കി ഈ 'ഫെർട്ടിഗേഷൻ യൂണിറ്റ് "വഴി സൂക്ഷ്മമൂലകങ്ങളും നൽകിയാണ് കൃഷി പൂർത്തിയാക്കിയത്. ഇന്നത്തെ കാലഘട്ടത്തിൽ കൃഷിപ്പണിക്ക് ആളുകളെ കിട്ടാത്ത പ്രശ്നം നിലനിൽക്കുന്നതിനാൽ ആ തടസം ഒഴിവാക്കാനാണ് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തെ അവലംബിച്ചത്.
ഭർത്താവ് രതീഷ് നിലാതിയിലും ഏകമകൻ പ്ലസ് വൺ വിദ്യാർത്ഥിയായ വിഷ്ണുദേവും കൃഷിയിൽ സഹായിക്കാൻ എന്നും  ഒപ്പമുണ്ട്. ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിംഗിന്റെ സജീവ പ്രവർത്തകരാണ് ഞങ്ങൾ. ശ്രീ ശ്രീയുടെ മഠത്തിന്റെ  ആഭിമുഖ്യത്തിൽ ഏതാനും വർഷം മുമ്പ് ലക്ഷ്മിതരു വ്യാപകമായി നട്ടുവളർത്തുന്നതിന്റെ ഭാഗമായി ഭർത്താവിന്റെ വടകരയിലെ വീട്ടിൽ ആയിരകണക്കിന് തൈകൾ എത്തിക്കുകയും വടകരയിലെയും മീങ്ങോത്തെയും നാട്ടുകാർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
20 വർഷങ്ങൾക്ക് മുമ്പ് ഇതേ തോട്ടത്തിൽ അച്ഛൻ തണ്ണിമത്തൻ കൃഷി ചെയ്തിരുന്നു. റബ്ബർ, കവുങ്ങ്, നാളികേരം, വാഴ, നെല്ല് കൃഷികളെല്ലാം ചെയ്തിരുന്ന കുടുംബത്തിലെ കണ്ണിയാണ്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടറിഞ്ഞു നിന്നതിന്റെ ഓർമ്മകൾ എന്നും ഉണ്ടായിരുന്നു. 2003 ൽ വിവാഹത്തിന് ശേഷം മാഹി അഴിയൂർ ഗവ. ഹൈസ്കൂൾ, മാഹി കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളിൽ അദ്ധ്യാപികയായിരുന്നപ്പോഴും ഒരു വർഷം മുമ്പ് പി.എസ്. സി നിയമനം കിട്ടി സ്വന്തം ജില്ലയിലെ കുമ്പള ജി.എച്ച്.എസ്. എസിൽ അദ്ധ്യാപിക ആയപ്പോഴും അച്ഛന്റെ പാത എന്തു കൊണ്ട് പരീക്ഷിച്ചുകൂടാ എന്ന ചിന്തയുണ്ടായി. അങ്ങനെയാണ് കൃഷിയിൽ സജീവമായത്.