
ഇസ്ലാമാബാദ്: ഒരു രാഷ്ട്രീയക്കാരാൻ വിവാഹം കഴിച്ചാൽ വലിയ ചർച്ച ചെയ്യേണ്ട കാര്യമില്ല, എന്നാൽ അൻപത് വയസ് കഴിയാറായ ഒരു വ്യക്തി 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്താൽ. ഇത്തരത്തിലൊരുവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പാകിസ്ഥാനിലെ രാഷ്ട്രീയക്കാരനും ദേശീയ അസംബ്ലി അംഗവുമായ മൗലാന സലാഹുദ്ദിൻ അയ്യൂബ് (50) 14 വയസുള്ള ചിത്രാലി പെൺകുട്ടിയെ വിവാഹം ചെയ്തെന്നാണ് വാർത്ത. ചിത്രാലിയിലെ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ് വിവരം പുറത്തുകൊണ്ടുവന്നത്. ഏജൻസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് പ്രാദേശിക പൊലീസ് ഉറപ്പുനൽകി.
ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്ധ്യാർത്ഥിയാണ് പെൺകുട്ടി. ഇവിടെ 2006 ഒക്ടോബർ28 എന്നാണ് ജനന തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിവാഹപ്രായം എത്തിയിട്ടില്ലെന്നതിന് തെളിവാണെന്ന് അധികൃതർ പറഞ്ഞു.
സംഘടനയുടെ പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ പിതാവ് വിവാഹക്കാര്യം നിഷേധിക്കുകയും സത്യവാങ്മൂലം നൽകുകയും ചെയ്തു.
എന്നാൽ 16 വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളെ അവരുടെ പ്രായത്തിനെക്കാൾ നാലിരട്ടി പ്രായമുള്ള വ്യക്തിയുമായുള്ള വിവാഹം രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ്. അത്തരത്തിൽ വിവാഹം നടത്തിയാൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ശിക്ഷ നൽകാനും ശുപാർശയുണ്ട്. അതേസമയം മകൾക്ക് 16 വയസ് തികയുന്നതുവരെ വിവാഹം നടത്തില്ലെന്ന് പെൺകുട്ടിയുടെ പിതാവ് അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.