
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉണർവിന്റെ ട്രാക്കിലെത്തി. ഇന്നലെ 480 രൂപ കുതിച്ച് പവൻവില 35,080 രൂപയിലെത്തി. ഈമാസം ഒന്നിന് വില 36,800 രൂപയായിരുന്നെങ്കിലും കഴിഞ്ഞവാരം 34,400 രൂപവരെ ഇടിഞ്ഞിരുന്നു. തുടർന്നാണ്, വീണ്ടും കരകയറ്റം. 60 രൂപ ഉയർന്ന് 4,385 രൂപയാണ് ഗ്രാം വില.
രാജ്യാന്തര വിലയിലുണ്ടായ വർദ്ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിലിച്ചത്. ഔൺസിന് 1,790 ഡോളർ നിരക്കിലായിരുന്ന രാജ്യാന്തര (ലണ്ടൻ) വില കഴിഞ്ഞദിവസം 1,815 ഡോളർ വരെ എത്തിയത് ആഭ്യന്തര വിലവർദ്ധനയ്ക്കും വഴിയൊരുക്കി. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില പത്തുഗ്രാമിന് 337 രൂപ ഉയർന്ന് 46,372 രൂപയായി. എന്നാൽ, ലണ്ടൻവില പിന്നീട് 1,807 ഡോളറായി കുറഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് ഇതു നൽകുന്ന സൂചന.