
മൈസൂരു: 'കണ്ണടച്ച് തുറക്കുംമുമ്പെ പുള്ളിപ്പുലി ചാടി നന്ദന്റെ മേലേക്ക് വീണു. തോളിലും കഴുത്തിലും കടിച്ചു കുടഞ്ഞു. പകച്ചുപോയ നന്ദൻ മരണം തൊട്ടുമുന്നിൽ കണ്ടു. ആ നിമിഷം നന്ദന്റെ ധൈര്യം ഉണർന്നു. പുലിയുടെ കണ്ണിലേക്ക് തന്റെ തള്ളവിരൽ കുത്തിയിറക്കി. വേദനകൊണ്ട് പുളഞ്ഞ പുലി കഴുത്തിലെ കടി വിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.'
മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ടി ഗ്രാമത്തിലെ ഫാംഹൗസിൽ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സിനിമയെപ്പോലും വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. പുലിയെ തുരത്തിയ നന്ദൻ ഇപ്പോൾ നാട്ടിൽ സൂപ്പർഹീറോയാണ്.
കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ അച്ഛൻ രവിക്കൊപ്പം കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോൽ കൂനയിൽ ഒളിച്ചിരുന്ന പുലി, നന്ദന്റെ മേൽ ചാടിവീഴുകയായിരുന്നു. തോളിലും കഴുത്തിലും കടിച്ചു. തൊട്ടടുത്തുതന്നെ നന്ദന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനായില്ല. പുലിയുടെ ആക്രമണത്തിൽ ആദ്യം ഒന്നുപകച്ചുപോയെങ്കിലും സമനില വീണ്ടെടുത്ത നന്ദൻ പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കി. ഇതിന്റെ വേദനയിൽ പുലി പിടിവിട്ട് ഓടി രക്ഷപെട്ടു. അയൽക്കാരും ബന്ധുക്കളുമെത്തി നന്ദന്റെ ആശുപത്രിയിലെത്തിച്ചു.