
ബംഗളൂരു: കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ ക്വാറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
ഇന്നലെ പുലർച്ചെയാണ് സംഭവം.
ജലാറ്റിൻ സ്റ്റിക്കുകൾ ട്രക്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ ശരീരങ്ങൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ ചിതറിപ്പോയി. അതിനാൽ മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വാഹനവും പൂർണമായി തകർന്നു.
വൻതോതിൽ ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിക്കുന്നുവെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഫെബ്രുവരി ഏഴിന് അധികൃതർ ഈ ക്വാറിയുടെ പ്രവർത്തനം വിലക്കിയിരുന്നു. ജലാറ്റിൻ സ്റ്റിക്കുകളുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് പലവട്ടം താക്കീത് നൽകിയിരുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ചിക്കബല്ലാപൂർ എം.എൽ.എയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ. സുധാകർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടകരമായ രീതിയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ശേഖരിച്ച ക്വാറി ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരി 22ന് കർണാടകയിലെ ശിവമോഗയിലെ ക്വാറിയിൽ നടന്ന സമാനമായ സ്ഫോടനത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.