madras-hc-

ന്യൂഡൽഹി: മുതിർന്ന പൗരന്മാർ‌ തങ്ങളുടെ സ്വത്ത് മക്കൾക്കോ, മറ്റുള്ളവർക്കോ ഇഷ്ടദാനമായോ ഭാഗ ഉടമ്പടിയായോ നൽകുമ്പോൾ, സ്വത്ത് സ്വീകരിക്കുന്നയാൾ ​അടിസ്ഥാന സൗകര്യങ്ങളടക്കം നൽകി അവരെ സംരക്ഷിക്കണമെന്ന വ്യവസ്ഥ കൂടി കരാറിൽ ഉൾപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. വ്യവസ്ഥ ലംഘിച്ചാൽ വഞ്ചന,​ ബലാൽകാരം,​ കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിക്കാമെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

കരാർ റദ്ദാക്കുന്നത് സംബന്ധിച്ച് ഒരു കൂട്ടം പരാതികൾ കേൾക്കുന്നതിനിടെയാണ് കോടതിയുടെ ഈ ഉത്തരവ് . സ്വത്ത് കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന സബ് രജിസ്ട്രാർ/രജിസ്ട്രാർ, സെക്ഷൻ 23ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. സ്വത്ത് വിൽക്കുന്നത് തടയിടാനാണിത്. മേൽപ്പറഞ്ഞ വ്യവസ്ഥയില്ലെങ്കിൽ മുതിർന്ന പൗരന്മാർക്ക് ട്രിബ്യൂണലിനെ സമീപിച്ച് കരാർ അസാധുവാക്കാം.

സ്വത്ത് കൈക്കലാക്കിയ ശേഷം വൃദ്ധരായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കാൻ കൃത്യമായ നിയമമുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും ആരും ശിക്ഷിക്കപ്പെടുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. അത്തരക്കാരെ ആദ്യം ജയിലിൽ അടയ്ക്കണമെന്നും, ശിക്ഷയൊക്കെ പിന്നീടുള്ള നടപടിയാണെന്നും കോടതി വ്യക്തമാക്കി.