
അഹമ്മദാബാദ് മൊട്ടേറയിലെ പുതിയ മഹാസ്റ്റേഡിയത്തിൽ ഇന്ത്യ -ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റ്,ഉച്ചയ്ക്ക് 2.30ന് മത്സരം തുടങ്ങും,നാലുമത്സര പരമ്പര 1-1ന് സമനിലയിൽ
അഹമ്മദാബാദ് : ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയമായ അഹമ്മദാബാദ് മൊട്ടേറയിലെ പുതിയ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാവുകയാണ്. പിങ്ക് പന്ത് ഉപയോഗിച്ചുള്ള പകൽ -രാത്രി മത്സരത്തിനാണ് മൊട്ടേറ വേദിയാവുന്നത്. നാലുമത്സര പരമ്പരയിലെ ഏക പിങ്ക് ടെസ്റ്റാണിത്.
പരമ്പര ഇപ്പോൾ 1-1ന് സമനിലയിലായതിനാൽ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. ചെന്നൈയിലാണ് ആദ്യ രണ്ട് ടെസ്റ്റുകളും നടന്നത്. ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ളണ്ട് 227 റൺസിന് ഇംഗ്ളണ്ട് വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ 317 റൺസിന് വിജയം കണ്ടു. ഇതിന് മുമ്പ് നടന്ന ആസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ ടെസ്റ്റിൽ തോറ്റശേഷം ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. എന്നാൽ അവിടെ ആദ്യ ടെസ്റ്റ് പകൽ-രാത്രി മത്സരമായാണ് നടത്തിയത്. അതുകൊണ്ടുതന്നെ സ്വന്തം നാട്ടിലെ പകൽ - രാത്രി മത്സരത്തിന് അതീവ ശ്രദ്ധയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
പേസോ സ്പിന്നോ ?
രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം മുതൽ സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന ടേണിംഗ് പിച്ചിലാണ് ഇന്ത്യ വിജയം കണ്ടത്. മൊട്ടേറയിലും സ്പിന്നർമാർക്ക് സ്വാധീനം ചെലുത്താനാകുമെന്നാണ് വിലയിരുത്തലുകൾ.എന്നാൽ ആദ്യ ദിവസങ്ങളിൽ പേസർമാർക്കും പിച്ചിന്റെ സഹായം ലഭിക്കാം. ഈ സാഹചര്യത്തിൽ മൂന്ന് സ്പിന്നർമാരുമായി കളിക്കുന്ന ഇന്ത്യൻ പിച്ചുകളിലെ പതിവ് രീതി വേണമോ മൂന്ന് പേസർമാരെ പരീക്ഷിക്കണമോ എന്ന ചോദ്യം വിരാട് കൊഹ്‌ലിയെയും കൂട്ടരെയും അലട്ടുന്നുണ്ട്.
1933
ലാണ് ഇംഗ്ളണ്ട് ടീം ആദ്യമായി ഇന്ത്യൻ പര്യടനം നടത്തിയത്.
62
ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്നത്.
20
മത്സരങ്ങളിൽ
ഇന്ത്യ 
വിജയിച്ചു
14
എണ്ണത്തിൽ 
ഇംഗ്ളണ്ട് 
വിജയം നേടി
28
മത്സരങ്ങൾ സമനിലയിലായി.
ഇന്ത്യൻ സ്ക്വാഡ്
വിരാട് കൊഹ്‌ലി(ക്യാപ്ടൻ),അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര,മായാങ്ക് അഗർവാൾ,രോഹിത് ശർമ്മ,ശുഭ്മാൻ ഗിൽ,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ,വൃദ്ധിമാൻ സാഹ,രവി ചന്ദ്രൻ അശ്വിൻ,കുൽദീപ് യാദവ്,വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ,ഇശാന്ത് ശർമ്മ,അക്ഷർ പട്ടേൽ, രാഹുൽ,ഉമേഷ് യാദവ്.
ഇംഗ്ളണ്ട്  സ്ക്വാഡ്
 ജോ റൂട്ട് (ക്യാപ്ടൻ), ആൻഡേഴ്സൺ,ജൊഫ്ര ആർച്ചർ,ഡോം ബെസ്,സ്റ്റുവർട്ട് ബ്രോഡ്,റോറി ബേൺസ്,ബെയർസ്റ്റോ,ബെൻ ഫോക്സ്,ഡാൻ ലോറൻസ്,ജാക്ക് ലീച്ച്,ഡോം സിബിലി,ബെൻ സ്റ്റോക്സ് ,ഒല്ലി സ്റ്റോൺസ്,ക്രിസ് വോക്സ്,ക്രാവ്‌ലി,മാർക്ക് വുഡ്.
ഇശാന്ത് 100
ഇന്ത്യൻ പേസർ ഇശാന്ത് ശർമയുടെ 100–ാം ടെസ്റ്റ് മത്സരമാണ് ഇത്. ഈ നാഴികക്കല്ലു പിന്നിടുന്ന പതിനൊന്നാമത്തെ ഇന്ത്യൻ താരമാണ് ഇശാന്ത്. സച്ചിൻ ടെൻഡുൽക്കർ (200), രാഹുൽ ദ്രാവിഡ് (163), വി.വി.എസ് ലക്ഷ്മൺ (134), അനിൽ കുംബ്ലെ (132), കപിൽ ദേവ് (131), സുനിൽ ഗാവസ്കർ (125), വെംഗ്സാർക്കർ (116), സൗരവ് ഗാംഗുലി (113), ഹർഭജൻ സിംഗ് (103), വീരേന്ദർ സെവാഗ് (103) എന്നിവരാണ് മറ്റുള്ളവർ.
ലക്ഷ്യം ഫൈനൽ
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ രണ്ട് ടെസ്റ്റുകൾ നിർണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണം. ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി. ന്യൂസിലാൻഡ് നേരത്തേ ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു.
ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഒരു ടെസ്റ്റ് ജയിക്കുകയും ഒന്ന് സമനിലയിലാക്കുകയും ചെയ്താൽ മതിയെങ്കിലും രണ്ട് മത്സരങ്ങളും ജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
- വിരാട് കൊഹ്‌ലി
55000
കാണികളെയാണ് മൊട്ടേറ സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ കപ്പാസിറ്റിയുടെ പകുതി കാണികൾക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.