gokulam

സുദേവ എഫ്.സിയെ 1-0ത്തിന് തോൽപ്പിച്ച് ഗോകുലം ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

കല്യാണി(കൊൽക്കത്ത) : ആദ്യന്തം ആക്രമണഫുട്ബാൾ പുറത്തെടുത്ത ഗോകുലം കേരള എഫ്. സി മറുപടിയില്ലാത്ത ഏകഗോളിന് സുദേവ എഫ്.സിയെ കീഴടക്കി ഐ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ലീഗിലെ ഗോകുലത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.

കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 68-ാം മിനിട്ടിൽ ഫിലിപ്പ് അദ്‌ജാ നേടിയ ഗോളിനാണ് ഗോകുലത്തിന്റെ വിജയം. വിജയമാർജിൻ ഒന്നിലൊതുങ്ങിയെങ്കിലും മത്സരത്തിലുടനീളം മൈതാനത്ത് അതിഗംഭീരപ്രകടനമാണ് ഗോകുലത്തിന്റെ ചുണക്കുട്ടികൾ പുറത്തെടുത്തത്. മിനിമം മൂന്ന് ഗോളുകളെങ്കിലും ഗോകുലത്തിന് നേടാനാകുമായിരുന്നു.

കളിതുടങ്ങി 40-ാം സെക്കൻഡിൽത്തന്നെ ഡെന്നിസ് അന്റവിയുടെ ഒരുഗ്രൻ ഷോട്ട് വലയ്ക്ക് ഇഞ്ചുകൾ അകലെക്കൂടി പുറത്തേക്കുപോയിരുന്നു. ഒൻപതാം മിനിട്ടിലെ മായക്കണ്ണന്റെ കരുത്തുറ്റ ഷോട്ട് സുദേവ ഗോളി സച്ചിൻ പണിപ്പെ‌ട്ടാണ് തടുത്തത്. നായകൻ മുഹമ്മദ് അവാളിന്റെ കരുത്തുറ്റ പ്രകടനം കൂടിയായപ്പോൾ എതിരാളികൾ ഭയന്നുപോയിരുന്നു. 25-ാം മിനിട്ടിലും 39-ാംമിനിട്ടിലും ഗോളെന്നുറപ്പിച്ച ഷോട്ടുകൾ മിസായത് ഗോകുലത്തിന് നിരാശപകർന്നെങ്കിലും അവർ ആക്രമണം നിറുത്തിയില്ല. 68-ാം മിനിട്ടിൽ അന്റ്‌വിയുടെ പാസിൽ നിന്നാണ് അദ്ജാ മത്സരഫലം കുറിച്ച ഗോൾ നേടിയത്.

ഈ വിജയത്തോടെ ഗോകുലത്തിന് ഒൻപത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റായി. 17 പോയിന്റുള്ള റയൽ കാഷ്മീർ മാത്രമാണ് ലീഗിൽ ഗോകുലത്തിന് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളിലാണ് ഗോകുലം സീസണിൽ വിജയം കണ്ടത്. അതേസമയം റയൽ കാഷ്മീർ നാലു വിജയങ്ങളേ നേടിയിട്ടുള്ളൂ. മൂന്ന് കളി തോറ്റതാണ് ഗോകുലത്തെ രണ്ടാമതാക്കിയത്.