cochin-port

കൊച്ചി: മാർച്ച് രണ്ടുമുതൽ നാലുവരെ വിർച്വലായി നടക്കുന്ന മാരിടൈം ഇന്ത്യ ഉച്ചകോടിക്ക് മുന്നോടിയായി കൊച്ചി തുറമുഖ ട്രസ്‌റ്റ് കരസ്ഥമാക്കിയത് 1,025.5 കോടി രൂപയുടെ നിക്ഷേപം. ഇതുവഴി 2,735 പേർക്ക് തൊഴിലും ലഭിക്കുമെന്ന് പോർട്ട് ട്രസ്‌റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന പറഞ്ഞു. ഉച്ചകോടിയുടെ ഉദ്ഘാടനം മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. സമുദ്രവ്യാപാര രംഗത്തുള്ളവരും എക്‌സിബിറ്റർമാർ, നിക്ഷേപകർ, ഷിപ്പിംഗ് കമ്പനികൾ തുടങ്ങിയവർ ഉച്ചകോടിയിൽ സംബന്ധിക്കും.

സമുദ്രാധിഷ്‌ഠിത വ്യാപാര പ്രോത്സാഹനം, പുതിയ പദ്ധതികളുടെ നടപ്പാക്കൽ എന്നിവ ലക്ഷ്യമിട്ട് ഇതിനകം കൊച്ചി തുറമുഖ ട്രസ്‌റ്റ് 25 ധാരണാപത്രങ്ങൾ (എം.ഒ.യു) ഒപ്പുവച്ചു. ഇതിലൂടെയാണ് 1,025 കോടി രൂപയുടെ നിക്ഷേപമെത്തുന്നത്. ഫാക്‌ട്, കോട്ടയം തുറമുഖം, പാരിസൺസ് ഇൻഫ്രാസ്‌ട്രക്‌ചർ, ഗ്രേറ്റ് സീസ് സർവീസസ്, കൊച്ചിൻ സിമന്റ്‌സ്, ഗ്രീനിക്‌സ് വെഞ്ച്വേഴ്‌സ്, ആ‌ർ.ഇ.സി ഗ്ളോബൽ, കൃഷ്‌ണ ഹോസ്‌പിറ്റൽ തുടങ്ങിയവയുമായാണ് കരാർ ഒപ്പുവച്ചത്.

400 കോടി രൂപ നിക്ഷേപിച്ച് ചരക്കുനീക്ക സൗകര്യം വർദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഫാക്‌ട് ഒരുക്കുന്നത്. കൂടുതൽ ധാരണാപത്രങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നു. ഇതുൾപ്പെടെ ആകെ പ്രതീക്ഷിക്കുന്ന നിക്ഷേപം 1,600 കോടി രൂപയാണ്. 3,200 പേർക്ക് തൊഴിലും ലഭിക്കുമെന്ന് ഡോ.ബീന പറഞ്ഞു. പെട്രോനെറ്റ് എൽ.എൻ.ജി വൈപ്പിൻ സെസിൽ ഗ്യാസിംഗ് അപ്പ് ആൻഡ് കൂളിംഗ് യൂണിറ്റ് സ്ഥാപിക്കും. ഡി.പി വേൾഡ് സ്വതന്ത്ര വ്യാപാര സംഭരണ മേഖലയും പദ്ധതിയിടുന്നു.

ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ എന്നിവയുടെ ഊർജ പദ്ധതികൾ, ഇന്ത്യൻ ഓയിലിന്റെ ല്യൂബ് അയോൾ യൂണിറ്റ്, വിമാന ഇന്ധന ടെർമിനൽ തുടങ്ങിയ പദ്ധതികളും കൊച്ചി തുറമുഖ ട്രസ്‌റ്റ് പ്രതീക്ഷിക്കുന്നു.