
തിരുവനന്തപുരം: കോവളം മണ്ഡലത്തിലെ സി.പി.എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ബി.ജെ.പിയിൽ ലയിച്ചു. നെല്ലിക്കുന്ന് പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ സി.പി.എം. പ്രവർത്തകരാണ് ബി.ജെ.പിയിൽ ചേർന്നത്. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയവരാണ് ബി.ജെ.പിയിൽ ചേർന്നതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
തിരുവനന്തപുരത്ത് എൻ.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു സി.പി.എം ഏരിയാ കമ്മിറ്റി അംഗവും വിഴിഞ്ഞം പഞ്ചായത്ത് മുൻപ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തിൽ തെണ്ണൂറിലേറെ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത്. മുല്ലൂർ, തോട്ടം ബ്രാഞ്ച് കമ്മിറ്റി അപ്പാടെ ബി.ജെ.പിയിൽ ലയിച്ചുവെന്നും മുല്ലൂർ സി.പി.എം ബ്രാഞ്ച് ഓഫിസ് ബി.ജെ.പി കാര്യാലമായി പ്രവർത്തിക്കുമെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ് അവകാശപ്പെട്ടു.
എന്നാൽ ഈ ഓഫീസിൽ യോഗങ്ങൾ ചേരാറുണ്ടായിരുന്നെങ്കിലും പാർട്ടി ഓഫിസ് ആയിരുന്നില്ലെന്നും പാർട്ടിവിരുദ്ധപ്രവർത്തനങ്ങൾക്ക് പുറത്തായവരാണ് ബി.ജെ.പിയിൽ ചേർന്നതെന്നും സി.പി.എം കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ പ്രതികരിച്ചു.