തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും വാഹനങ്ങളെയും കർണാടക അതിർത്തിയിൽ തടയുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് കർണാടക ഉപ മുഖ്യമന്ത്രി ഡോ.സി.എൻ. അശ്വത്ഥ് നാരായണൻ പറഞ്ഞു. ബി.ജെ.പിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് സഹപ്രഭാരിയായ അദ്ദേഹം കേരളകൗമുദി ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു.

കൊവിഡിനെതിരായ മുൻകരുതലെന്ന നിലയ്ക്കാണ് അതിർത്തിയിൽ പരിശോധന നടത്തുന്നത്. അവിടെ റോഡ് ബ്ളോക്കോ, അടച്ചിടലോ ഉണ്ടായിട്ടില്ല. ആന്റിജൻ ടെസ്റ്റ് നടത്തിയവർക്ക് പ്രയാസമില്ല.അതിനുള്ള സംവിധാനങ്ങൾ കേരളത്തിലെ അതിർത്തി ജില്ലകളിൽ ഉണ്ടാകേണ്ടതാണ്. ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാനാകുമോയെന്ന് പരിശോധിക്കും.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയപ്രതീക്ഷയാണുള്ളതെന്ന് അശ്വത്ഥ് നാരായണൻ പറഞ്ഞു. ഇടതു,വലതുമുന്നണികളുടെ പ്രസക്തിയും,വിശ്വാസ്യതയും നഷ്ടമായി . ഇടതുപാർട്ടികൾക്ക് കേരളത്തിലല്ലാതെ ഇന്ത്യയിലൊരിടത്തും സാന്നിധ്യമില്ലാത്ത സ്ഥിതിയായി. കേരളവും നഷ്ടപ്പെടുന്നതോടെ പൊതുരാഷ്ട്രീയത്തിൽ നിന്ന് പോകും. യു.ഡി.എഫ് കേവലം പ്രാദേശിക പാർട്ടിയായി മാറി. ഇൗ സാഹചര്യത്തിൽ, കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങൾ കാലത്തിനൊത്ത് ചിന്തിക്കും.അത് ബി.ജെ.പിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ സംസ്ഥാനത്ത് പ്രചരണത്തിനെത്തും.

കർണാടകത്തിലെ ഐ.ടി , ബയോടെക്നോളജി വകുപ്പുകളുടേയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ചുമതലയുള്ള ഉപമുഖ്യമന്ത്രിയായ അശ്വത്ഥ് നാരായണൻ, ദേശീയ വിദ്യാഭ്യാസ നയം രാജ്യത്താദ്യമായി കർണാടകത്തിൽ നടപ്പാക്കാൻ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയതിലൂടെ ശ്രദ്ധേയനാണ്. മാർ ഇവാനിയോസ് കോളേജിൽ വിദ്യാർത്ഥികളുമായി ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുളള്ള ആശയസംവാദത്തിലും അദ്ദേഹം പങ്കെടുത്തു.

കേരളകൗമുദി ഒാഫീസിലെത്തിയ കർണാടക ഉപമുഖ്യമന്ത്രിയെ ചീഫ് എഡിറ്റർ ദീപു രവി സ്വീകരിച്ചു. കർണാടക ചീഫ് വിപ്പ് വാസുദേവ് സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.