
മനില: ഫിലിപ്പിൻസിലെ തെക്കൻ പ്രവിശ്യയായ സുലുവിൽ നടന്ന ബോംബാക്രമണവുമായി ബന്ധപ്പെട്ട് 9 സ്ത്രീകളെ അറസ്റ്റ്ചെയ്തു. സായുധ പോരാളിയായ അബു സയ്യഫ് ഗ്രൂപ്പ് നേതാവിന്റെ മൂന്ന് പെൺമക്കൾ ഉൾപ്പടെ ഒൻപത് സ്ത്രീകളെയാണ് തുടർച്ചയായ റെയിഡിലൂടെ അറസ്റ്റ്ചെയ്തത്. ഇവരിൽ നിന്ന് ആയുധങ്ങളും ബോംബ് നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ ഭീകരത അവസാനിപ്പിക്കുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും സർക്കാർ സൈനികർ തുടർന്നുവരികയാണ്. നിലവിൽ സ്ഫോടന വസ്ഥുക്കൾ കൈവശം വച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ സ്ത്രീകൾ ചാവേർ ബോംബാക്രമണത്തിനുള്ള ഓറിയന്റേഷൻ ക്ലാസുകൾക്ക് വിധേയമായിട്ടുണ്ടെന്നും ഇവരുടെ വീടുകളിൽ സ്ഫോടന വസ്ഥുക്കളുടെ ശേഖരം ഉണ്ടെന്നും വെസ്റ്റേൺ മിൻഡാനാവോ കമാൻഡ് ചീഫ് വ്യക്തമാക്കി. ചാവേർ ആക്രമണങ്ങൾക്ക് സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതലും ഇതിനായി തിരഞ്ഞെടുക്കുന്നത് വിധവകളെയാണ്. സ്ത്രീകളെ പെട്ടന്ന് കണ്ടെത്താൻ കഴിയില്ലെന്നാതാണ് ഇവരെ തിരഞ്ഞെടുക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്..