
ന്യൂയോർക്ക്: ടെസ്ല മോട്ടോർസ്, സ്‌പേസ് എക്സ് എന്നീകമ്പനികളുടെ സ്ഥാപകൻ ഇലോൺ മസ്‌കിന് വീണ്ടും ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ എന്ന പദവി നഷ്ടമായി. തിങ്കളാഴ്ച ടെസ്ല ഓഹരികൾക്ക് വൻ ഇടിവ് സംഭവിച്ചതോടെ ആമസോൺ മേധാവി ജെഫ് ബെസോസിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് തളളപ്പെടുകയായിരുന്നു. ഒന്നാംസ്ഥാനത്ത് മടങ്ങിയെത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു ബ്ലൂംബെർഗിന്റെ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളുടെ പട്ടികയിൽ മസ്‌ക് പിന്തള്ളപ്പെട്ടത്.
ടെസ്ല ഓഹരികൾ 8.6 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതിനെത്തുടർന്ന് മസ്‌ക്കിന്റെ മൊത്തം ആസ്തി ഒരു ദിവസം 15.2 ബില്യൺ (ഏതാണ്ട് 108797.55) ഡോളർ ഇടിയുകയായിരുന്നു. ഇതോടെ ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചികയിൽ ബെസോസ് ഒന്നാമതെത്തി. മസ്‌ക്കിന് 183 ബില്ല്യൺ ഡോളർ ആണ് സമ്പാദ്യമെങ്കിൽ ബെസോസന്റേത് 186 ബില്ല്യൺ ഡോളറാണ്.
അതേസമയം ടെസ്ലയ്ക്ക് പണി കിട്ടിയത് മുതലാളിയായ മസ്‌കിന്റെ ട്വീറ്റ് വഴിയാണ് എന്നാണ് വിപണിയിലെ പൊതുവെയുളള സംസാരം.നിലവിൽ ബിറ്റ്‌കോയിന്റെയും ഈഥറിന്റെയും വിലകൾ കൂടുതലാണെന്ന് മസ്‌ക് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇത് ക്രിപ്റ്റോകറൻസി മൂല്യം പെട്ടെന്ന് ഇടിയുന്നതിന് കാരണമായി. എന്നാൽ ഈ ഇടിവ് ഏറ്റവും ബാധിച്ചത് വൻ നക്ഷേപം ബിറ്റ്‌കോയിനിലും മറ്റും നടത്തിയ മസ്‌കിന്റെ കമ്പനികളെത്തന്നെയായിരുന്നു. ക്രിപ്റ്റോകറൻസി മൂല്യം ഇടിഞ്ഞതിനൊപ്പം കമ്പനികളുടെ ഓഹരികളും ഇതിനൊപ്പം കൂപ്പുകുത്തുകയായിരുന്നു.
ക്രിപ്‌റ്റോകറൻസിയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചതായി ടെസ്ല സ്ഥിരീകരിച്ചതിനുപിന്നാലെ ഫെബ്രുവരി ആദ്യം 33000 ഡോളറിൽ വ്യാപാരം നടന്നിരുന്ന ബിറ്റ്‌കോയിൻ വില 55000 ഡോളറലേക്ക് കുതിച്ചുയർന്നു. എന്നാൽ മസ്‌കിന്റെ ട്വീറ്റിനുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ചൊവ്വാഴ്ച 12.5 ശതമാനം ഇടിഞ്ഞ് 48071 ഡോളറിലേക്ക് കുപ്പുകുത്തി. 2020 സെപ്റ്റംബറിന് ശേഷം തിങ്കളാഴ്ച ടെസ്ലയുടെ ഏറ്റവും വലിയ ഏകദിന ഇടിവാണ് വിപണിയിൽ ഉണ്ടായത്.