patanjali

മുംബയ്: കൊവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന്റെ വിൽപ്പന തടഞ്ഞ് മഹാരാഷ്ട്ര സർക്കാർ. ഉപയോഗപ്രദമാണെന്ന രേഖകൾ തെളിയിക്കാത്ത പക്ഷം കൊറോണിൽ വിൽപ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു.

കൊറോണിലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡിനിനെതിരെ ഇവ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന ലോകാരോഗ്യ സംഘടനയുടെയോ, ഐ.എം.എയുടെയോ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ സംസ്ഥാനത്ത് കൊറോണിൽ വിൽപ്പനയ്ക്ക് അനുമതിനൽകുകയുളളുവെന്നും മന്ത്രി അറിയിച്ചു.

पतंजलि की #Coronil दवा की बिक्री को महाराष्ट्र में #WHO, #IMA और अन्य संबंधित सक्षम स्वास्थ्य संस्थानों से उचित प्रमाणीकरण के बिना अनुमति नहीं दी जाएगी। (२/२)

— ANIL DESHMUKH (@AnilDeshmukhNCP) February 23, 2021

കൊറോണലിന്റെ പരീക്ഷണവുമായി ബന്ധപ്പെട്ട അവകാശവാദത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചോദ്യം ചെയ്തിരിക്കുകയും കൊവിഡ് ചികിത്സയ്ക്ക് പതഞ്ജലി ആയൂർവേദത്തിന് ലോകാരോഗ്യ സംഘടന ഒരു തരത്തിലുമുളള അനുമതി നൽകാതിരിക്കുകയുമാണ്. അങ്ങനെയുളളപ്പോൾ തിടുക്കത്തിൽ ഏതെങ്കിലും മരുന്ന് ലഭ്യമാക്കുന്നതും രണ്ട് കേന്ദ്ര മന്ത്രിമാർ അതിനെ അഭിനന്ദിക്കുന്നതും ശരിയായ കാര്യമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 19 നടന്ന കൊറോണലിന്റെ ലോഞ്ചിംഗ് പരിപാടിയിൽ രാംദേവിനൊപ്പം കേന്ദ്ര മന്ത്രിമാരായ ഹർഷ് വർധൻ, നിതിൻ ഗഢ്കരി എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററിൽ മരുന്നിന് സർട്ടിഫിക്കറ്റ് ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രോഡക്ട്, ലോകാരോഗ്യ സംഘടനയുടെ ഗുഡ് മാനുഫാക്ച്വറിംഗ് പ്രാക്ടീസ് സർട്ടിഫിക്കറ്റ് എന്നിവ ഉളളതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ ട്വിറ്റർ ഹാൻഡിലിലൂടെ പത്തൊൻപതാം തീയതി പുറത്തുവന്ന ട്വീറ്റിൽ കൊവിഡ് ചികിത്സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

.@WHO has not reviewed or certified the effectiveness of any traditional medicine for the treatment #COVID19.

— WHO South-East Asia (@WHOSEARO) February 19, 2021