checkpost

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ. കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നാണ് ഈ സംസ്ഥാനങ്ങൾ അറിയിച്ചിരിക്കുന്നത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും വരുന്നവരുടെ കൈവശം ആർ ടി പി സി ആർ. നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ട്.

ആർ ടി പി സി ആർ പരിശോധനാഫലം നെഗറ്റീവായവർക്ക് മാത്രമായിരിക്കും മംഗളൂരുവിലേക്ക് പ്രവേശനം എന്നാണ് ദക്ഷിണ കന്നഡ അധികൃതർ അറിയിച്ചിരിക്കുന്നത്. തലപ്പാടിയിൽ നാളെ മുതലായിരിക്കും ഇത് കർശനമാക്കുക. പ്രതിദിനം യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും, എവിടേക്കാണ് പോകുന്നതെന്ന വിവരങ്ങളും കൈയിൽ കരുതണം. ഒരുതവണ മാത്രം യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കൈവശം വയ്ക്കണം. ആംബുലൻസിൽ വരുന്നവർ ആശുപത്രിയിലെത്തിയ ഉടൻ രോഗിയെയും കൂടെ വന്നവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മുകാശ്മീർ എന്നിവിടങ്ങളിലും ചില നിയന്ത്രണങ്ങളുണ്ട്.കഴിഞ്ഞ ദിവസം രാജ്യത്ത് 13,000ത്തിലധികം കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.