deadbody

കിളിമാനൂർ: തട്ടത്തുമലയിൽ മരുമകൻ ഓടിച്ചിരുന്ന കാറിടിച്ച് ഭാര്യാപിതാവ് മരിച്ചു. മടത്തറ തുമ്പമൺതൊടി എ.എം.എസ് മൻസിലിൽ യഹിയ (70) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം തട്ടത്തുമല കിഴക്കേ വട്ടപ്പാറ റോഡിലായിരുന്നു സംഭവം . തുമ്പമൺതൊടി അസ്‌ലം മൻസിലിൽ അബ്ദുൾസലാം ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. അബ്ദുൾ സലാമിന്റെ ഭാര്യ ഇയാളുടേയും സഹോദരിയുടേയും പേരിൽ കൊട്ടാരക്കര കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട നോട്ടീസ് തട്ടത്തുമലയിൽ താമസിയ്ക്കുന്ന അബ്ദുൽ സലാമിന്റെ സഹോദരിയ്ക്ക് നൽകുന്നതിന് ആമീന് വഴി കാണിച്ചു കൊടുക്കുന്നതിന് ഭാര്യാപിതാവായ യഹിയയും അബ്ദുൾ സലാമിന്റെ മകൻ അസ്ലവും എത്തുകയായിരുന്നു.

ആമീൻ വീട്ടിലേയ്ക്ക് പോയ സമയം, റോഡിൽ ആമീൻ തിരികെ വരുന്നതും കാത്ത് നിന്ന ഇരുവർക്കും നേരേ അബ്ദുൾ സലാം ഓടിച്ചിരുന്ന കാർ വന്നിടിക്കുകയായിരുന്നു. മൂവരേയും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യഹിയയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അസ്ലമും അബ്ദുൾ സലാമും ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ട്. റൂറൽ എസ്.പി മധു സ്ഥലം സന്ദർശിച്ചു..