
പള്ളിവാസൻ:പ്ലസ്ടു വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹയേറുന്നു. തൂങ്ങിമരിച്ചനിലയിൽ ഇന്നലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഇയാളുടെ നെഞ്ചിൽ രണ്ട് മുറിവുകൾ ഉണ്ട്. ഇതാണ് ദുരൂഹതയ്ക്ക് കാരണം.
ഉളികൊണ്ട് കുത്തേറ്റ പാടുകളാണ് ഉള്ളത്. ഈ മുറിവുകൾ കൊല്ലപ്പെട്ട രേഷ്മയുമായുള്ള മൽപിടിത്തത്തിനിടയിൽ സംഭവിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ആത്മഹത്യ ചെയ്യുമെന്ന ഇയാളുടെ കുറിപ്പ് പെൺകുട്ടിയുടെ മൃതദേഹത്തിനടുത്ത് നിന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പള്ളിവാസൽ വണ്ടിത്തരയിൽ രാജേഷിന്റെ മകൾ രേഷ്മ കുത്തേറ്റ് മരിച്ചത്. സ്വകാര്യ ബസിൽ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിന്റെ കൂടെ വീട്ടിലേക്ക് നടന്നു പോകുന്ന ദൃശ്യം സമീപത്തെ റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ അർദ്ധ സഹോദരനാണ് അരുൺ.
അരുണിന്റെ വാടക വീട് പരിശോധിച്ച പൊലീസിന് കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഇയാളുടെ കത്ത് കിട്ടിയിരുന്നു. മൂന്നു വർഷമായി താനും രേഷ്മയും പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിനാൽ രേഷ്മയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യുമെന്ന് കത്തിലുണ്ടായിരുന്നു. കൊലപാതകത്തിനു മുൻപു തന്നെ ഇയാൾ തന്റെ മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞിരുന്നു. ഫോണിന്റെ ഭാഗങ്ങൾ പവർഹൗസിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണു അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതേസമയം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ പവർഹൗസിനടുത്ത് ഷർട്ട് ധരിക്കാതെ ഒരാൾ ഓടി മറയുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു. കൂടാതെ കൃത്യം നടന്ന സ്ഥലത്ത് വീണ്ടും ഡോഗ് സ്ക്വാഡ് പരിശോധന നടത്തുമ്പോൾ റോഡിനു മുകൾ ഭാഗത്ത് കുറ്റിക്കാട്ടിൽ ആളനക്കം കേട്ടെന്നും, ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ ചെകുത്താൻമുക്കിലും, ഷർട്ട് ധരിക്കാത്ത അപരിചിതനെ കണ്ടതായി നാട്ടുകാർ പറയുന്നു. തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ കുറ്റിക്കാടിന് 600 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ പുഴയോട് ചേർന്നുള്ള മാവിൽ തൂങ്ങിയ നിലയിൽ കഴിഞ്ഞദിവസമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.