
തിരുവനന്തപുരം: കോവളം മണ്ഡലത്തിലെ സി പി എമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ബി ജെ പിയിൽ ലയിച്ചു. വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ച് കമ്മിറ്റികളിലെ നേതാക്കളും പ്രവർത്തകരുമാണ് ബി ജെപിയിൽ ചേർന്നതെന്ന് പാർട്ടിയുടെ ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് പറഞ്ഞു. സി പി എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബി ജെ പി. കാര്യാലയമായി പ്രവർത്തിക്കുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് എൻ ഡി എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഒാഫിസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു സി പി എം ഏരിയാ കമ്മിറ്റി അംഗവും വിഴിഞ്ഞം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തിൽ നൂറിലേറെ പ്രവർത്തകർ ബി ജെ പിയിൽ ചേർന്നത്. വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം 86 സി പി എം. പ്രവർത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽനിന്ന് ബി ജെ പി. അംഗത്വം സ്വീകരിച്ചത്.
സി പി എം. സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടിവിട്ടതെന്ന് മുക്കോല പ്രഭാകരൻ പറഞ്ഞു. സി പി എം പനവിള ബ്രാഞ്ച് സെക്രട്ടറി എസ് ശ്രീമുരുകൻ, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നെല്ലിക്കുന്ന് ശ്രീധരൻ, തോട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വയൽക്കര മധു, ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ജി ശ്രീകുമാർ തുടങ്ങിയവരും ബി ജെ പി അംഗത്വം എടുത്തു.
അതേസമയം, നടക്കുന്നത് വ്യാജ പ്രചാരമാണെന്നാണ് സി പി എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. സി പി എമ്മിന്റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തുവെന്ന ബി ജെ പിയുടെ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് കോവളം ഏരിയ കമ്മിറ്റിയും പറയുന്നു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഏരിയാ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയെയും അതോടൊപ്പം 16 പാർട്ടി അംഗങ്ങളെയും പാർട്ടി പുറത്താക്കിയിരുന്നു.
സി പി എമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തിൽ ബി ജെ പിയുടെ കൊടികൊണ്ടു വച്ചിട്ട് സി പി എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജപ്രചാരണമാണ് നടത്തുന്നതെന്നും ഏരിയാ സെക്രട്ടറി പി എസ് ഹരികുമാർ പറഞ്ഞു.