
കേരളത്തിന്റെ വടക്കേയറ്റത്ത് ചന്ദ്രഗിരിപ്പുഴയുടെ തീരത്തായാണ് ചന്ദ്രഗിരിക്കോട്ട സ്ഥിതി ചെയ്യുന്നത്. കാസർകോഡ് എത്തുന്നവരെല്ലാം ബേക്കൽക്കോട്ടയിലേക്ക് യാത്ര തിരിക്കുമ്പോഴും അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയാണ് ചന്ദ്രഗിരിക്കോട്ട. ഏറെ ചരിത്രപ്രാധാന്യമുള്ളതും പ്രകൃതി ഭംഗി നിറഞ്ഞയിടവുമാണ് ഈ കോട്ടയെന്ന കാര്യം പലർക്കും അറിയില്ല.
പതിനേഴാം നൂറ്റാണ്ടിൽ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ് ഈ കോട്ട പണി കഴിപ്പിച്ചത്. പലരുടെ ഉടമസ്ഥതകൾ കൈമറിഞ്ഞ് ഒടുവിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈവശമായിരുന്നു ഈ കോട്ട. കടൽനിരപ്പിൽ നിന്ന് നൂറ്റമ്പത് അടിയോളം ഉയരത്തിൽ ഏഴ് ഏക്കറിലായാണ് കോട്ട വ്യാപിച്ചു കിടക്കുന്നത്. ഇപ്പോൾ പുരാവസ്തു വകുപ്പിനാണ് ഈ ചരിത്രസ്‌മാരകത്തിന്റെ സംരക്ഷണ ചുമതല. എങ്കിലും, പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ ബേക്കലിനെ അപേക്ഷിച്ച് അത്രയധികം ശ്രദ്ധ കിട്ടാതെ പോയൊരിടമാണിത്. നാട്ടുകാരും സമീപപ്രദേശങ്ങളിലുള്ളവരുമാണ് കൂടുതലും ചന്ദ്രഗിരിക്കോട്ടയിലെത്തുന്നത്. അതും വൈകുന്നേരങ്ങളിൽ. കോട്ടയുടെ മുകളിൽ നിന്നുള്ള സൂര്യാസ്തമയം കാണാനാണ് ഏറെപ്പേരും എത്തുന്നത്. ചന്ദ്രഗിരി പാലത്തിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് ബോട്ടിംഗ് സർവീസും നടത്തുന്നുണ്ട്. ഇവിടെയുള്ള ചന്ദ്രഗിരി ബോട്ട് ക്ലബിൽ സ്പീഡ് ബോട്ടുകളും പുരവഞ്ചികളും ലഭ്യമാണ്. ഇനി ബേക്കൽക്കോട്ടയിലെത്തുന്നവർ ചന്ദ്രഗിരിക്കോട്ടയും കൂടി കണ്ട് വേണം മടങ്ങാൻ.
എത്തിച്ചേരാൻ
കാസർകോട് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് ചന്ദ്രഗിരിക്കോട്ടയിലേക്കുള്ളത്. ബേക്കൽക്കോട്ടയിൽ നിന്ന് 10കി. മീ അകലെയാണ്.