
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധിയുടെ ഓരോ വാക്കുകളും സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം. തിങ്കളാഴ്‌ച വയനാട്ടിൽ, ഇന്നലെ തിരുവനന്തപുരത്ത്, ഇന്ന് കൊല്ലത്ത് ഓരോ പ്രസംഗങ്ങളിലും രാഹുലിന്റെ വാക്കുകളിലെ രാഷ്ട്രീയം ഒരു തരി പോലും ചോരാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത് ജ്യോതി വിജയകുമാറാണ്. ചിലപ്പോൾ രാഹുൽ പറഞ്ഞതിനെക്കാൾ തീവ്രതയിൽ ആ വാക്കുകളെ മലയാളി മനസിൽ പ്രതിഷ്‌ഠിക്കാനും ജ്യോതിയ്‌ക്കായി.
സോഷ്യൽ മീഡിയയിൽ നിറകയ്യടിയാണ് ജ്യോതി വിജയകുമാർ എന്ന പരിഭാഷകയ്‌ക്ക്. കെ പി സി സി സെക്രട്ടറിയായ ജ്യോതി സിവിൽ സർവീസ് ഫാക്കൽറ്റിയും അഭിഭാഷകയും മുൻ മാദ്ധ്യമപ്രവർത്തകയും കൂടിയാണ്. പത്ത് വർഷത്തിനിടെ രാഹുൽഗാന്ധിയുടെ പതിനൊന്നാമത്തെ പ്രസംഗമാണ് ജ്യോതി മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തത്. ജ്യോതി വിജയകുമാർ കേരളകൗമുദി ഓൺലൈനിനോട്...

വയനാടിന്റെ രാഹുൽ
വയനാട് രാഹുൽജിയെ മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ഇവിടെ നിന്ന് എം പിയായതിന്റെ വലിയൊരു ഇംപാക്‌ട് അദ്ദേഹം കേരളത്തിൽ നടത്തുന്ന പ്രസംഗങ്ങളിലുണ്ട്. വയനാടിനോട് അദ്ദേഹത്തിനുളള സ്‌നേഹം നമുക്ക് വാക്കുകളിലൂടെ അനുഭവിക്കാൻ പറ്റും. കർഷകർ, മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ അവരോടൊക്കെയുളള വലിയ സ്‌നേഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തിയിലുമുണ്ട്. അദ്ദേഹത്തോട് ഒരു കംഫർട്ട് ലെവലുംചിന്തകളോട് വളരെ അടുപ്പമുണ്ട്. രാഷ്ട്രീയ ചിന്താഗതിയിലും വ്യക്തി എന്ന നിലയിലും എനിക്ക് ഒരുപാട് പൊരുത്തപ്പെടാൻ കഴിയുന്ന ജീവിത വീക്ഷണവും രാഷ്ട്രീയ വീക്ഷണവുമുളള ആളാണ്. അദ്ദേഹം പറയുന്നത് എനിക്ക് പെട്ടെന്ന് മനസിലാകും. പറയുന്ന പല കാര്യങ്ങളും ജീവിതത്തിൽ ഞാൻ ചിന്തിക്കുന്നത് ആണല്ലോയെന്ന് എനിക്ക് തോന്നും.

സിംപിളാണ് പവർഫുളാണ്
രാഹുൽജിയുടെ ഭാഷ വളരെ സിംപിളാണ്. പക്ഷേ ചില വാക്കുകൾ നമ്മൾ സ്ഥിരം ഉപയോഗിക്കാത്തതാണ്. നല്ല ഹോംവർക്ക് അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനായി വേണം. രാഹുൽജിയുടെ ആശയങ്ങൾ കൃത്യമായി മനസിലാക്കിയിരിക്കണം. അദ്ദേഹത്തിന്റെ നിലപാടുകൾ ഞാൻ നിരന്തരം പിന്തുടരാറുണ്ട്. ഇത് എനിക്കൊരു തുടർപ്രക്രിയയാണ്. രാഹുൽജി വളരുന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ ചിന്തകൾ അനുസരിച്ചാണ് നമുക്കും ഒരു പരിണാമം ഉണ്ടായത്. അദ്ദേഹത്തിന്റെ ഓരോ വാക്കും മാറ്റവും എന്നെ വളരെയധികം സ്വാധീനിക്കാറുണ്ട്.

പ്രസംഗം വിവാദമാക്കേണ്ട
വയനാടിനോടും കേരളത്തോടും സ്‌നേഹമുണ്ടെന്ന് പറഞ്ഞാൽ അത് എങ്ങനെയാണ് വടക്കിന് എതിരാകുന്നത്. ഇന്നലെ അദ്ദേഹം നടത്തിയ പ്രസംഗം വിവാദമാക്കേണ്ട ആവശ്യമില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളോടും ഒരു പോലെ സ്‌നേഹമെന്നാണ് രാഹുൽജി പറയുന്നത്. അതു തന്നെയാണ് ഇന്ത്യയുടെ സ്വത്വം. അദ്ദേഹം പറഞ്ഞത് വലിയൊരു രാഷ്ട്രീയ സന്ദേശമാണ്.

ഇന്നത്തെ അനുഭവം
ഇന്ന് കൊല്ലത്ത് മത്സ്യത്തൊഴിലാളികളോട് സംവദിക്കുമ്പോൾ അദ്ദേഹം കുറച്ചുകൂടി റിലാക്‌സ്‌ഡ് ആയിരുന്നു. രാഹുൽ എന്ന മനുഷ്യനെ നമ്മൾ കുറച്ചുകൂടി മനസിലാക്കുന്നത് ഇത്തരം സംവാദ വേദികളിലാണ്. ഇവിടെയാണ് ഇൻഫോർമലായി അദ്ദേഹം മനുഷ്യരോട് ഇടപെടുന്നത്. അദ്ദേഹത്തിന്റെ ചിന്തകളോട് എനിക്ക് എന്നും ഐക്യമാണ്. പരിഭാഷയിൽ ഒരു എനർജി എക്‌സ്ചേഞ്ച് സംഭവിക്കും. ഓരോ പരിഭാഷയും ഓരോ പുതിയ അനുഭമാണ്. എന്തായാലും സന്തോഷമുണ്ട്.